മോഡി കരഞ്ഞു.... ആസാദ് വിതുമ്പി; പതിവില്‍ നിന്ന് വ്യത്യസ്തമായി രാജ്യസഭ

മോഡി കരഞ്ഞു.... ആസാദ് വിതുമ്പി;  പതിവില്‍ നിന്ന് വ്യത്യസ്തമായി രാജ്യസഭ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോഡി വികാരാധീനനായി കരഞ്ഞു. മറുപടി പ്രസംഗത്തില്‍ ഗുലാം നബിയും വികാരാധിനനായി വിതുമ്പി.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ സേവനങ്ങള്‍ വിവരിക്കവേയാണ് പ്രധാനമന്ത്രിയ്ക്ക് കരച്ചില്‍ അടക്കാനാകാതെ വന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നിന്നുള്ളവര്‍ കശ്മീരില്‍ കുടുങ്ങിയപ്പോള്‍ ആസാദും പ്രണബ് മുഖര്‍ജിയും നടത്തിയ ശ്രമങ്ങളെ താന്‍ ഒരിക്കലും മറക്കില്ലെന്ന് മോഡി പറഞ്ഞു. 'ആ രാത്രി ഗുലാം നബി എന്നെ വിളിച്ചു...'പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിതുമ്പി.

നിമിഷങ്ങളോളം വാക്കുകള്‍ കിട്ടാതെ സ്വയം നിയന്ത്രിക്കാന്‍ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. പിന്നീട് കണ്ണടയ്ക്കിടയിലൂടെ കണ്ണീര്‍ തുടച്ചു. സ്ഥാനങ്ങളും ഉയര്‍ന്ന പദവികളും വരും. അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യഥാര്‍ഥ സുഹൃത്തായാണ് താന്‍ അദ്ദേഹത്തെ കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്താനിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വായിക്കുമ്പോള്‍ ഒരു ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ അഭിമാനിക്കുന്നുവെന്ന് ഗുലാംനബി ആസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണ്. 'അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും'-ഗുലാം നബി ആസാദ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഗുലാം നബി നന്ദി പറഞ്ഞു. വ്യക്തിപരമായി തനിക്കെതിരേ രാജ്യസഭയില്‍ ഒരിക്കലും പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ ഗുലാം നബി പരസ്പരം വാഗ്വാദങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും തന്റെ വാക്കുകളെ മോഡി വ്യക്തിപരമായെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി. ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങള്‍ക്കെല്ലാം രാജ്യസഭ യാത്രയയപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.