പെൺകുട്ടികളുടെ വിവാഹ പ്രായം ഒന്‍പത് വയസ് ആക്കും; ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിൽ വ്യാപക പ്രതിഷേധം

പെൺകുട്ടികളുടെ വിവാഹ പ്രായം ഒന്‍പത് വയസ് ആക്കും; ഇറാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിൽ വ്യാപക പ്രതിഷേധം

ബാ​ഗ്ദാ​ദ്: ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പത് ആക്കി കുറയ്‌ക്കുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. നീതിന്യായ മന്ത്രാലയം പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിനെതിരെ രാജ്യമൊട്ടാകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ ജനങ്ങൾ മാത്രമല്ല, അന്താരാഷ്‌ട്ര തലത്തിലുള്ള മനുഷ്യാവകാശ സംഘടനകളും ബില്ലിന്മേൽ വലിയ ആശങ്ക പ്രകടിപ്പിച്ചു. ഇറാഖിലെ പെൺ കുട്ടികളുടെ വിവാഹ പ്രായം 18 ആണ്. ബിൽ ഇറാഖ് പാർലമെൻ്റ് പാസാക്കിയാൽ ഒമ്പത് വയസുള്ള പെൺകുട്ടികൾക്ക് 15 വയസുള്ള ആൺകുട്ടികളെ വിവാഹം ചെയ്യാം. ഇതോടെ രാജ്യത്ത് ശൈശവ വിവാഹം വർധിക്കാനുള്ള സാധ്യതയും ഉണ്ട്.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ശൈശവ വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനും കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കം സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഉറപ്പുവരുത്താന്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന നടപടികള്‍ക്കും പദ്ധതികൾക്കും തുരങ്കം വയ്ക്കുന്നതാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ സംഘടനകളും വനിതാ ഗ്രൂപ്പും സാമൂഹിക പ്രവര്‍ത്തകരും ബില്ലിനെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസിന് മുമ്പ് വിവാഹിതരായിട്ടുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഏജന്‍സിയായ യൂണിസെഫിന്റെ കണക്കിൽ വ്യക്തമാക്കുന്നു.

ഈ നിയമം പാസാക്കുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ബില്ലുമായി മുന്നോട്ടു പോകരുതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) ഗവേഷകയായ സാറാ സന്‍ബാര്‍ പറഞ്ഞു. ഒന്‍പത് വയസ് പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിധേയമാക്കുന്നതിലൂടെ ഇറാഖിലെ എണ്ണമറ്റ പെണ്‍കുട്ടികളുടെ ഭാവിയും ക്ഷേമവും കവരുകയാണെന്ന് സന്‍ബാര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ കളിസ്ഥലത്തും സ്‌കൂളിലുമാണ് ഉണ്ടാകേണ്ട്. മറിച്ച് വിവാഹ വസ്ത്രത്തിലല്ലെന്ന് അവര്‍ കൂട്ടിച്ചേർത്തു.

ഇറാഖ് വിമെന്‍സ് നെറ്റ് വര്‍ക്കിലെ അമന്‍ കബാഷിയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ യാഥാത്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഇറാഖില്‍ ഈ ഭേദഗതി കുടുംബത്തില്‍ പുരുഷ മേധാവിത്വം ഉണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു. ജൂലൈ അവസാനത്തോടെ ബില്ലില്‍ ഒട്ടേറെ എംപിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ചില നിര്‍ദിഷ്ട മാറ്റങ്ങള്‍ പാര്‍ലമെന്റ് പിന്‍വലിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ കൂടുതല്‍ ആധിപത്യമുള്ള ഷിയ വിഭാഗത്തിന്റെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് നാലിന് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂട് പിടിച്ചു.

ബില്‍ ഇസ്ലാമിക നിയമമനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ‘അധാര്‍മിക ബന്ധങ്ങളില്‍’ നിന്ന് സംരക്ഷിക്കുമെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സ്വതന്ത്ര എംപി റായിദ് അൽ-മാലികിയാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചത്. വിവാദപരമായ നിരവധി ബില്ലുകൾ നേരത്തെയും അവതരിപ്പിച്ചിട്ടുള്ള എംപിയാണ് റായിദ്. ലൈം​ഗികതൊഴിൽ, സ്വവർ​ഗരതി, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ കുറ്റകൃത്യമാക്കുന്ന ബിൽ അവതരിപ്പിച്ചത് റായിദാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.