കെട്ടിടങ്ങളിലെ പാര്‍ക്കിങ് വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്

കെട്ടിടങ്ങളിലെ പാര്‍ക്കിങ് വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: കെട്ടിട നിര്‍മാണ വ്യവസ്ഥകളില്‍ ഇളവ് വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കെട്ടിടം നിര്‍മിക്കുന്ന പ്ലോട്ടില്‍ തന്നെ ആവശ്യമായ പാര്‍ക്കിങ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

ഈ വ്യവസ്ഥ കേരളം പോലെ ഭൂമി ലഭ്യത കുറഞ്ഞ സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി വര്‍ഷങ്ങളായുണ്ട്. അതേ ഉടമസ്ഥന്റെ പേരിലുള്ള സമീപ പ്ലോട്ടില്‍ കൂടി പാര്‍ക്കിങ് സംവിധാനം അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

25 ശതമാനം പാര്‍ക്കിങ് എങ്കിലും നിര്‍മാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാര്‍ക്കിങ് ആകാം. ഭൂമി അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം. നിര്‍മ്മാണം നടക്കുന്ന പ്ലോട്ടിന്റെ 200 മീറ്റര്‍ ദൂരത്തിനുള്ളിലാകണം ഈ ഭൂമി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം.

കാര്‍ പാര്‍ക്കിങിനായി ഉപയോഗിക്കുന്ന തൊട്ടടുത്ത ഭൂമി മറ്റ് നിര്‍മാണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കില്ലെന്നും മറ്റാര്‍ക്കും കൈമാറില്ലെന്നും ഉടമയും തദ്ദേശ സ്ഥാപന സെക്രട്ടറിയും തമ്മില്‍ കരാറില്‍ ഏര്‍പ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഈ ഇളവ് നടപ്പിലാക്കുന്നത്.

ഗാലറി ഇല്ലാത്ത ടര്‍ഫുകള്‍ക്ക് പാര്‍ക്കിങിന്റെ കാര്യത്തില്‍ ഇളവ് നല്‍കും. തദ്ദേശവകുപ്പില്‍ പരാതി നല്‍കുന്നതിനായി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിക്കും. ജനങ്ങള്‍ക്ക് തല്‍സമയം പരാതി നല്‍കാന്‍ ഇത് ഉപയോഗിക്കും.

ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവരെ വിളിച്ച് വരുത്തിയാല്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കും. സേവനാവകാശ നയം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇത് കര്‍ശനമായി നടപ്പിലാക്കും. വകുപ്പില്‍ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.