മെൽബൺ: സ്വവർഗാനുരാഗികൾക്ക് അമിത പരിഗണനയും മത വിശ്വാസത്തിനും കുടുംബ ഭദ്രതയ്ക്കും കനത്ത ആഘാതവും ലക്ഷ്യമിട്ടുള്ള വിവാദ ബിൽ "കൺവെർഷൻ പ്രാക്ടീസസ് പ്രൊഹിബിഷൻ ബിൽ 2020" വിക്ടോറിയ പാർലമെന്റിൽ പാസായി. മതവിശ്വാസികൾക്ക് പുറമേ സമൂഹത്തിന്റെ നിരവധി മേഖലകളിൽനിന്നുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും എതിർപ്പുകളെ അവഗണിച്ച് കൊണ്ടാണ് ബിൽ ഭേദഗതികൾ ഒന്നും കൂടാതെ പാസാക്കിയത്.
വിക്ടോറിയൻ പാർലമെന്റിന്റെ ലോവർ ഹൗസ് ഇക്കഴിഞ്ഞ ഡിസംബറിൽ പാസാക്കിയ ബിൽ, കഴിഞ്ഞ ആഴ്ച അപ്പർ ഹൗസിലെ 27 അംഗങ്ങൾ അനുകൂലിച്ചും ഒൻപത് അംഗങ്ങൾ എതിർത്തുമാണ് പാസാക്കിയത്. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ എല്ലാ അംഗങ്ങളും ഗ്രീൻസ്, ആനിമൽ ജസ്റ്റിസ് പാർട്ടി അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ലിബറൽ പാർട്ടിയുടെയും ഷൂട്ടേഴ്സ്, ഫിഷേഴ്സ്, ഫാർമേഴ്‌സ്, ജസ്റ്റിസ്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെയും അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു.
ബില്ല് പരിഗണനയ്ക്ക് എടുത്തദിവസം പാർലമെന്റിൽ നടന്ന ചർച്ചകളിൽ ചിലതെല്ലാം സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവു ലഭിക്കുമോ, സപ്രഷൻ എന്ന വാക്കിന്റെ നിർവചനത്തിൽ കത്തോലിക്കാ വൈദികരുടെയും സന്യസ്തരുടെയും ബ്രഹ്മചര്യവ്രതം ലൈംഗിക അടിച്ചമർത്തൽ എന്ന നിർവ്വചനത്തിലേക്ക് വരുമോ, കുമ്പസാരം പോലുള്ള കൂദാശകളും ധ്യാനവും നിയമത്തിനു കീഴിൽ വരുമോ എന്നീ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. എങ്കിലും വ്യക്തമായ ഒരു മറുപടിയും ഈ ചോദ്യങ്ങളിൽ മന്ത്രി നൽകിയില്ല.
മതവിശ്വാസികൾ ബില്ലിനെ എതിർക്കുന്നതുപോലെ സ്വവർഗ്ഗാനുരാഗികൾ, മറ്റ് എൽജിബിടി ഗ്രൂപ്പുകൾ, മത വിദ്വേഷികൾ, കുടുംബബന്ധങ്ങളിൽ വിശ്വാസമില്ലാത്തവർ തുടങ്ങി നിരവധിപേർ ബില്ല് എത്രയും വേഗം നിയമം ആക്കണം എന്ന് ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതായും വ്യക്തമാക്കുകയുണ്ടായി. ഈ നിയമത്തെ അനുകൂലിച്ച് സാത്താൻ ആരാധകരുടെ സംഘടനയായ "ന്യൂസ ടെംപിൾ ഓഫ് സാത്താനിൽ" നിന്നു ലഭിച്ച ഒരു കത്തും പാർലമെന്റിൽ പരാമർശിക്കുകയുണ്ടായി. ഈ നിയമം പാസായില്ലെങ്കിൽ സാത്താൻ ആരാധകരുടെ എണ്ണം കുറയുമെന്നും സാത്താനിക് ടെമ്പിളിന്റെ അംഗബലം കുറയുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനുപുറമേ സ്കൂളുകളുടെയും ആശുപത്രികളുടെയും നടത്തിപ്പിൽ മതവിഭാഗങ്ങൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും എടുത്തുകളയണമെന്നുള്ള ഗ്രീൻ പാർട്ടി അംഗത്തിന്റെ ആവശ്യവും ആശങ്ക പരത്തിയിരുന്നു.
വിക്ടോറിയക്ക് പുറമേ ക്വീൻസ് ലാൻഡിലും എ സി ടി യിലും ഈ നിയമം പാസാക്കിയിരുന്നുവെങ്കിലും മതസ്വാതന്ത്ര്യങ്ങളെയും കുടുംബബന്ധങ്ങളെയും വരിഞ്ഞു മുറുക്കാൻ ഉതകുന്ന നിരവധി കർശന ഉപാധികളുണ്ട് എന്നതാണ് വിക്ടോറിയയിലെ നിയമത്തെ ഏറെ ഭീതിയോടെ കാണാൻ ഇടയാക്കുന്നത്. മാതാപിതാക്കൾ, അധ്യാപകർ, കൗൺസിലേഴ്‌സ്, ഡോക്ടർമാർ, മതനേതാക്കൾ, ശുശ്രൂഷകർ തുടങ്ങി നിരവധി പേർക്കാണ് ഈ നിയമത്തിന്റെ കാർക്കശ്യത ഭീതിയുടെ നാളുകൾ വിതയ്ക്കുന്നത്.
കുട്ടികളോ മുതിർന്നവരോ എന്ന് വേണ്ട, ആരുതന്നെയായാലും വ്യക്തിയുടെ ലൈംഗിക തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തിൽ (സ്ത്രീയോ പുരുഷനോ എന്ന് സ്വയം തീരുമാനിക്കുന്നതിൽ) തടയുന്ന ഏതൊരു വിധ പ്രവർത്തിയും നിയമലംഘനം ആയി മാറും. ഇത് പ്രാർത്ഥനയോ ഉപദേശമോ കൗൺസിലിംഗോ പ്രഭാഷണമോ എന്ന വ്യത്യാസമില്ലാതെ എല്ലാം നിയമലംഘന പരിധിയിൽ വരും എന്നതാണ് മാതാപിതാക്കൾക്ക് പോലും ഉത്കണ്ഠ വിതയ്ക്കുന്നത്. സ്വവർഗാനുരാഗികളുടെയോ മതവിദ്വേഷികളുടെയോ പേരോ ഉറവിടമോ വെളിപ്പെടുത്താത്ത, ഒരു പരാതി മതിയാവും ആരെയും കുറ്റവാളി ആക്കാനും ജയിലിലടക്കാനും.
ഈ നിയമം പാസാക്കുന്നതിനെതിരെ കുടുംബ സ്നേഹികളും മതവിശ്വാസികളും അടക്കം നിരവധി പേർ രംഗത്തുവന്നിരുന്നു. ഓസ്ട്രേലിയൻ ക്രിസ്ത്യൻ ബിഷപ്പുമാരും ഹിന്ദു പൂജാരിമാരും മുസ്ലിം പണ്ഡിതരും പലരീതിയിലുള്ള എതിർപ്പ് അറിയിച്ചിരുന്നു. സീറോ മലബാർ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ ഈ നിയമത്തിനെതിരെ പ്രതികരിക്കാനും പ്രാർത്ഥിക്കാനും വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു. സഭാ വിശ്വാസികൾ കൊന്ത ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും പാർലമെന്റിന്റെ മുമ്പിൽ പ്രതിഷേധിച്ചിരുന്നു.
ഈ നിയമത്തിന്റെ വ്യക്തതയില്ലായ്മയും മതങ്ങളോടുള്ള വിവേചന പൂർണമായ സമീപനവുമാണ് ഏറ്റവുമധികം ഉൽക്കണ്ഠ ക്ഷണിച്ചുവരുത്തുന്നത്. സ്വസ്ഥമായ കുടുംബജീവിതവും ജീവിതഭദ്രതയും പ്രതീക്ഷിച്ച് ഔസ്ട്രേലിയായിലേയ്ക്ക് കുടിയേറിയ മലയാളികളടക്കമുള്ള നിരവധിപേർ, പ്രകൃതിവിരുദ്ധമായ ലൈംഗിക പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതും കുടുംബ ഭദ്രതയ്ക്ക് പ്രാധാന്യം നൽകാത്തതും ആയ സർക്കാർ നയങ്ങളിൽ കടുത്ത ആശങ്കാകുലരാണ്.
അഡ്വ. ബിജു ആന്റണി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.