വധശ്രമത്തെ അതിജീവിച്ച ശേഷം താന്‍ കൂടുതല്‍ ദൈവ വിശ്വാസിയായി; ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചുവെന്നും ഡൊണാള്‍ഡ് ട്രംപ്

വധശ്രമത്തെ അതിജീവിച്ച ശേഷം താന്‍ കൂടുതല്‍ ദൈവ വിശ്വാസിയായി; ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചുവെന്നും ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പെന്‍സില്‍വാനിയയില്‍ വച്ചുണ്ടായ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം താന്‍ കൂടുതല്‍ ദൈവവിശ്വാസിയായി മാറിയെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എക്സ് മേധാവി ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം. കഴിഞ്ഞ മാസമാണ് പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് നേരെ വധശ്രമമുണ്ടായത്.

അന്ന് നടന്ന സംഭവത്തെക്കുറിച്ച് മസ്‌കുമായി സംസാരിച്ചപ്പോഴാണ് ദൈവ വിശ്വാസത്തെക്കുറിച്ച് പരാമര്‍ശിച്ചത്. 'റാലിയില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നതിനിടെ പെട്ടന്നാണ് അത് സംഭവിച്ചത്. അതൊരു ബുള്ളറ്റാണെന്ന് എനിക്ക് മനസിലായി. ചെവിയില്‍ അത് വന്നുകൊണ്ടുവെന്നും ഒരു നിമിഷത്തിനുള്ളിലാണ് തിരിച്ചറിഞ്ഞത്. ആ ഒരു സംഭവത്തിന് ശേഷം ജീവിതത്തില്‍ വളരെ അധികം മാറ്റങ്ങളുണ്ടായി.

'ദൈവത്തില്‍ വിശ്വാസമില്ലാത്ത ധാരാളം ആളുകള്‍ ഉണ്ടായിരിക്കും. പക്ഷേ നമ്മള്‍ എല്ലാവരും ഒരിക്കല്‍ കൂടി അതിനെ കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരു നിമിഷം കൊണ്ടാണ് തല ചെരിച്ചത്. അതാണ് എന്റെ ജീവനെ രക്ഷിച്ചതും. ഞാന്‍ ഒരു വിശ്വാസിയാണ്. എന്നാല്‍ ഇപ്പോള്‍ മുന്‍പത്തെക്കാളും വലിയ വിശ്വാസിയായി മാറിയിരിക്കുകയാണ്. ആ തലത്തിലേക്ക് മാറുന്നത് അതിശയകരമാണ്' - ട്രംപ് പറയുന്നു.

തോമസ് മാത്യു ക്രൂക്സ് എന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ നിന്നും ട്രംപ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, ട്രംപിന്റെ ചെവിക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊലപ്പെടുത്തി.

വെടിവയ്പ്പില്‍ ഒന്നിലധികം പേര്‍ കൊല്ലപ്പെടുമെന്നാണ് താന്‍ ഭയന്നത്. അക്രമിയെ പെട്ടെന്ന് വെടിവച്ച സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍മാര്‍ ഇല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്യുമായിരുന്നു ട്രംപ് പറഞ്ഞു.

'വെടിവയ്പ്പുണ്ടായിട്ടും ആരും ഓടിയില്ല എന്നതാണ് ഒരു അത്ഭുതം. സാധാരണ ഇത്തരം സംഭവങ്ങള്‍ സ്റ്റേഡിയങ്ങളിലോ ഫുട്‌ബോള്‍ മത്സരത്തിലോ സംഭവിക്കുമ്പോള്‍ എല്ലാവരും ഓടിപ്പോകുന്നു. നിരവധി പേര്‍ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെടുന്നു'.

തനിക്കും മെലാനിയക്കും പള്ളികള്‍ സന്ദര്‍ശിക്കാനും ലോകമെമ്പാടുമുള്ള വലിയ മത നേതാക്കളെ കാണാനും സാധിച്ചതായി ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ച ഫ്രാങ്ക്‌ലിന്‍ ഗ്രഹാം ഉള്‍പ്പെടെ നിരവധി ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ നേതാക്കളില്‍ നിന്ന് ട്രംപിന് ശക്തമായ പിന്തുണയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.