ഷാർജ: വാക്സിനെടുക്കാത്ത ജോലിക്കാർക്ക് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി ഷാർജ. സർക്കാർ, അർദ്ധ സർക്കാർ മേഖലയിലെ ജീവനക്കാർക്കാണ് നിർദ്ദേശം നല്‍കിയിട്ടുളളത്. സ്വകാര്യമേഖലയിലെ ചില കമ്പനികളും പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. സർക്കാർ മേഖലയില്‍ ഒരാഴ്ച കൂടുമ്പോഴും സ്വകാര്യമേഖലയില്‍ രണ്ടാഴ്ച കൂടുമ്പോഴുമാണ് ടെസ്റ്റ് വേണ്ടത്.
ഇതുകൂടാതെ റസ്റ്ററന്റുകളിലെയും കഫേകളിലെയും സലൂണുകളിലേയും ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആർ ടെസ്റ്റ് നടത്തണം. അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എമിറ്റേറുകളിലെ സർക്കാർ ജീവനക്കാർക്ക് നേരത്തെ തന്നെ പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. എമിറേറ്റിലെ വിവിധ മേഖലകളുടെ പ്രവർത്തനം സംബന്ധിച്ച് ഷാർജ സാമ്പത്തികമന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി.
റസ്റ്ററന്റുകളിലും മറ്റും തീന്‍ മേശകള്‍ തമ്മിലുളള അകലം രണ്ട് മീറ്ററാക്കിയിരിക്കണം. ഒരേ കുടുംബത്തില്‍ നിന്നുളളവരല്ലെങ്കില്‍ തീന്‍ മേശയില്‍ നാലുപേർ മാത്രമാണ് അനുവദനീയം. വാണിജ്യ കേന്ദ്രങ്ങള്‍ ഉള്‍ക്കൊളളാവുന്നതിന്റെ 60 ശതമാനമെന്ന രീതിയിലായിരിക്കണം പ്രവർത്തനമെന്നും നിർദ്ദേശമുണ്ട്. സിനിമാ ശാലകള്‍ക്കും മറ്റ് വിനോദ കേന്ദ്രങ്ങള്‍ക്കും 50 ശതമാനമെന്ന രീതിയിലാണ് പ്രവർത്തനാനുമതി. ജിമ്മുകളും ഫിറ്റ്നസ് കേന്ദ്രങ്ങളും ഉള്‍ക്കൊളളാവുന്നിതിന്റെ പകുതി പേരെ മാത്രമെ ഒരേ സമയം പ്രവേശിപ്പിക്കാവൂ. എല്ലായിടത്തും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും മാത്രമെ സന്ദർശകരെ അനുവദിക്കാവൂവെന്നും നിർദ്ദേശമുണ്ട്.
അതേസമയം അജ്മാനില്‍ ഇ ലേണിംഗ്. അജ്മാനിലെ സ്കൂളുകള്‍ നൂറുശതമാനം ഇലേണിംഗ് പഠനത്തിലേക്ക് മാറാന്‍ നിർദ്ദേശം. അടിയന്തര ദുരന്തനിവാരണ സംഘത്തിന്റെ സഹകരണത്തോടെ എല്ലാ സ്കൂളുകളിലും നഴ്സറികളും ക്ലാസ് റൂം പഠനങ്ങള്‍ താല്‍ക്കാലികമായി നിർത്തി വയ്ക്കുകയാണെന്നാണ് റിപ്പോർട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.