എംപോക്‌സ് വ്യാപനം അതിതീവ്രം; 116 രാജ്യങ്ങളില്‍ സാന്നിധ്യം: അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

എംപോക്‌സ് വ്യാപനം അതിതീവ്രം; 116 രാജ്യങ്ങളില്‍ സാന്നിധ്യം: അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

ആഫ്രിക്കയില്‍ മാത്രം 15,000 എംപോക്‌സ് രോഗികളും 461 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അവിടെ  പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു.

ന്യൂയോര്‍ക്ക്: മങ്കിപോക്‌സ് എന്ന പേരില്‍ നേരത്തേ അറിയപ്പെട്ടിരുന്ന എംപോക്‌സ് നിരവധി രാജ്യങ്ങളില്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. 116 രാജ്യങ്ങളിലാണ് എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഗ്രേഡ് ത്രീ എമര്‍ജന്‍സി വിഭാഗത്തില്‍പ്പെടുത്തിയാണ് കൂടുതല്‍ മുന്നൊരുക്കങ്ങള്‍ക്കായി യു.എന്‍ അടിയന്തര ഇടപെടല്‍ നടത്തുന്നത്. 2022 മുതല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും എംപോക്‌സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി തീവ്ര വ്യാപനമാണുണ്ടാകുന്നത്.

വെസ്റ്റ്, സെന്‍ട്രല്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗ വ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കില്‍ വര്‍ധനയുണ്ട്. ആഫ്രിക്കയിലെ തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ആരോഗ്യ വകുപ്പ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍ രാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്. ആഫ്രിക്കയില്‍ മാത്രം 15,000 എംപോക്‌സ് രോഗികളും 461 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയത്തേത് അപേക്ഷിച്ച് 160 ശതമാനമാണ് വര്‍ധന.

എംപോക്‌സ് രോഗവ്യാപന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ചര്‍ച്ചകള്‍ നടക്കുകയാണ്. 2009 മുതല്‍ ഇതുവരെ ഏഴ് തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

എച്ച്1 എന്‍1, പന്നിപ്പനി, പോളിയോവൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്‌സ് എന്നിവയ്ക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയെന്നാല്‍ ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ ജാഗ്രതാ നിര്‍ദേശങ്ങളിലൊന്നാണ്.

ദശകങ്ങളായി കോംഗോയില്‍ എംപോക്‌സ് വ്യാപനമുണ്ട്. എന്നല്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ മാത്രം കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ ഉണ്ടായതിനേക്കാള്‍ കൂടുതലാണ്. മങ്കിപോക്‌സ് എന്ന പേരിന് പിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെയാണ് ലോകാരോഗ്യ സംഘടന ഈ രോഗത്തിന് എംപോക്‌സ് എന്ന് പേര് മാറ്റിയത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്‌സ്. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970 ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ ആദ്യം എംപോക്‌സ് കണ്ടെത്തിയത്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എംപോക്‌സ് പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ എംപോക്‌സ് വൈറസ് അണുബാധ കണ്ടെത്തിയിട്ടുണ്ട്. വന മേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗ ബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയാണ് എംപോക്‌സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനന സമയത്തോ, അതിനു ശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗ സംക്രമണം സംഭവിക്കാം.

സാധാരണ ഗതിയില്‍ എംപോക്‌സിന്റെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനു പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു.

വൈറല്‍ രോഗമായതിനാല്‍ എംപോക്‌സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എംപോക്‌സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്‌സിന്റെ വാക്‌സിനേഷന്‍ നിലവിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.