കാരിത്താസിനും അഞ്ച് ക്രിസ്ത്യൻ പള്ളികള്‍ക്കും വിലക്കിട്ട് നിക്കരാഗ്വേ ഭരണകൂടം

കാരിത്താസിനും അഞ്ച് ക്രിസ്ത്യൻ പള്ളികള്‍ക്കും വിലക്കിട്ട് നിക്കരാഗ്വേ ഭരണകൂടം

മനാഗ്വേ: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവി റദ്ദാക്കി നിക്കരാഗ്വേ ഭരണകൂടം. മതഗൽപ രൂപതയുടെ കീഴിലുള്ള കാരിത്താസിനാണ് വിലക്കിട്ടിരിക്കുന്നത്. അഞ്ച് ക്രൈസ്തവ ദേവാലയങ്ങളും ഭരണകൂടം പൂട്ടി. ഏഴ് വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരുടെയും രണ്ട് അല്മായ സ്ത്രീകളുടെയും അറസ്റ്റിനും ശേഷമാണ് ഈ കിരാത നടപടി.

നിയമപരമായ പദവികൾ റദ്ദാക്കിയ ആദ്യ ഗ്രൂപ്പിൽ മാതഗൽപ്പ രൂപത കാരിത്താസ് അസോസിയേഷൻ, ഗുഡ് സമരിയൻ ചർച്ച് ഫൗണ്ടേഷൻ, ഹോളി സ്പിരിറ്റ് ആൻഡ് ഫയർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അസോസിയേഷൻ, ടൈംസ് ഓഫ് ചേഞ്ച് ഇവാഞ്ചലിസ്റ്റ് മിനിസ്ട്രി അസോസിയേഷൻ എന്നിവ ഉൾപ്പെടുന്നെന്ന് ‘ലാ ഗസെറ്റ’ എന്ന പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ സംരക്ഷകനും സ്വേച്ഛാധിപത്യത്തിന്റെ വിമർശകനുമായ ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ രൂപതയാണ് മാതഗൽപ. ഈ വർഷം ജനുവരിയിൽ റോമിലേക്ക് നാടുകടത്തപ്പെട്ട അദേഹം അവിടെ പ്രവാസത്തിൽ കഴിയുകയാണ്.

എസ്തേലി രൂപതയിൽപ്പെട്ട ഹെസൂസ് ദെ കരിദാദ് ഇടവക വികാരിയായ വൈദികൻ ഫാ. ലെയോണെൽ ബൽമസേദ, മതഗൽപ രൂപതയുടെ കത്തീഡ്രൽ വികാരിയായ വൈദികൻ ഫാ. ഡെന്നീസ് മർത്തീനെസ് എന്നീവരെയാണ് അടുത്തിടെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്തത്. കൂടാതെ മതഗൽപ രൂപതയിലെ അജപാലന പ്രവർത്തകയായ കാർമെൻ സയേൻസും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്ത് നാടുകടത്തിയ ഏഴ് വൈദികർ ഏഴാം തീയതി റോമിലെത്തിയതിന് പിന്നാലെയായിരുന്നു പുതിയ അറസ്റ്റുകൾ. മതസ്വാതന്ത്ര്യവിരുദ്ധ നടപടികൾ നിക്കരാഗ്വയുടെ ഭരണകൂടം ഉടനടി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ കാര്യാലയം ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.