ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്കായി ഗംഗാവലി പുഴയിലെ തിരച്ചില്‍ പുരോഗമിക്കുന്നു. പുഴ കലങ്ങി ഒഴുകുന്നതിനാല്‍ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങിയെങ്കിലും തിരിച്ചു കയറി.
ഇപ്പോള്‍ വീണ്ടും നാവികസേന പുഴയില്‍ ഇറങ്ങിയിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും തിരച്ചിലിനുണ്ട്. അര്‍ജുന്‍ ഓടിച്ച ലോറിയുടെ കയര്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. തിങ്കളാഴ്ച ഡ്രെഡ്ജര്‍ എത്തുന്ന വരെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരും.
കലക്ക വെള്ളം വെല്ലുവിളിയാണന്നും എന്നാല്‍ കലക്ക വെള്ളത്തിലും തിരക്കില്‍ നടത്തി പരിചയമുള്ളവരാണ് ഒപ്പം ഉള്ളതെന്നും അതുകൊണ്ടു തന്നെ വെള്ളത്തിനടിയില്‍ ഇറങ്ങി പരിശോധനകള്‍ തുടരുമെന്ന് ഈശ്വര്‍ മല്‍പെ പറഞ്ഞു. വൈകുന്നേരം വരെ തിരച്ചില്‍ തുടരും. മണ്ണിടിച്ചില്‍ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴയ്ക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വിവരിച്ചു.
അതേസമയം അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു. ഇനി കാര്യക്ഷമമായ തിരച്ചില്‍ നടത്തണമെന്നും ജില്ലാ ഭരണകൂടം പറയുന്ന കാര്യങ്ങളല്ല പലപ്പോഴും നടക്കുന്നതെന്നും അതില്‍ വിഷമമുണ്ടെന്നും അഞ്ജു പറഞ്ഞു.
അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഗോവയില്‍ നിന്ന് തിങ്കളാഴ്ചയോടെ ഡ്രഡ്ജര്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജര്‍ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.