പുതിയ എംപോക്സ് വൈറസ് കൂടുതല്‍ അപകടകാരി; ലോകം ഭയക്കുന്ന രോഗത്തെക്കുറിച്ച് കൂടുതലറിയാം

പുതിയ എംപോക്സ് വൈറസ് കൂടുതല്‍ അപകടകാരി; ലോകം ഭയക്കുന്ന രോഗത്തെക്കുറിച്ച് കൂടുതലറിയാം

ജനീവ: വിവിധ രാജ്യങ്ങളില്‍ എംപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ എംപോക്സ് അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. 2022ലും ഇതേ രോഗത്തിന്റെ വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സ്വീഡനിലും പാകിസ്ഥാനിലും എംപോക്സ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ആഫ്രിക്കയുടെ പുറത്തേക്ക് രോഗം വ്യാപിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

ആഫ്രിക്കയില്‍ മാത്രം 15,000 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 461 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 160 ശതമാനമാണ് രോഗബാധയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. ആഫ്രിക്കയിലെ തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയല്‍രാജ്യങ്ങളിലേക്കും രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.

എന്താണ് എംപോക്സ്

മങ്കി പോക്സ് എന്നതിന്റെ മറ്റൊരു പേരാണ് എംപോക്സ്. 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. വസൂരിക്ക് സമാനമായ ശാരീരിക അവസ്ഥ രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. മിക്ക ആളുകളിലും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാല്‍ ചിലര്‍ക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

മുമ്പത്തെ എംപോക്സ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും വിദഗ്ധര്‍ പറയുന്നുണ്ട്. നേരത്തേ നെഞ്ചിലും കൈകാലുകളിലും കുമിളകളായിരുന്നു പ്രധാന ലക്ഷണമെങ്കില്‍ ഇപ്പോഴത്തേത് നേരിയതോതില്‍ ജനനേന്ദ്രിയ ഭാഗത്ത് കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നതായും വിദഗ്ധര്‍ കണക്കാക്കുന്നു.

എംപോക്സ് വന്ന വഴി

1958-ല്‍ ഡെന്മാര്‍ക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മങ്കിപോക്സ് എന്ന പേരിനു പിന്നിലെ വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങള്‍ വന്നതോടെയാണ് ലോകാരോഗ്യ സംഘടന എംപോക്സ് എന്ന് പേരു മാറ്റാന്‍ തീരുമാനിച്ചത്. മനുഷ്യരില്‍ ആദ്യമായി എംപോക്സ് രോഗം റിപ്പോര്‍ട്ട് ചെയ്തത് 1970-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുകാരനിലാണ്.

2022 മുതല്‍ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വര്‍ഷം ഇന്ത്യയില്‍ ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തില്‍ 35 വയസുള്ളയാളിലാണ്.

വൈറസ് പടരുന്നത്

മൃഗങ്ങള്‍, രോഗിയുടെ ശരീരസ്രവങ്ങള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ മങ്കിപോക്സ് വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയാണ് എംപോക്സ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം.

ചികിത്സയും പ്രതിരോധവും

വൈറല്‍ രോഗമായതിനാല്‍ എംപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും എംപോക്സിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അതേസമയം എംപോക്സിന്റെ വാക്സിനേഷന്‍ നിലവിലുണ്ട്.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് എംപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി പാകംചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. എച്ച്1 എന്‍1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എഴുപതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നതിനെത്തുടര്‍ന്ന് 2022-ല്‍ ലോകാരോഗ്യസംഘടന എംപോക്‌സ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.