കെയിൻസ് രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ജോ കാഡി അഭിഷേകം ചെയ്യപ്പെട്ടു

കെയിൻസ് രൂപതയുടെ പുതിയ മെത്രാനായി ബിഷപ്പ് ജോ കാഡി അഭിഷേകം ചെയ്യപ്പെട്ടു

കെയിൻസ്: ഓസ്ട്രേലിയയിലെ കെയിൻസ് രൂപതയുടെ എട്ടാമത്തെ ബിഷപ്പായി സ്ഥാനമേറ്റെടുത്ത് ബിഷപ്പ് ജോ കാഡി. കെയിൻസിലെ സെൻ്റ് മോണിക്ക കത്തീഡ്രലിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിരവധി ബിഷപ്പുമാരും പുരോഹിതന്മാരും വിശ്വാസികളും പങ്കെടുത്തു. ബ്രിസ്ബെയ്ൻ ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജ് മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനാരോഹണ ചടങ്ങിനിടെ ഫാ. ക്രിസ്റ്റഫർ വിൽകോക്ക് എസ്. ജെ രചിച്ച ദി മാഗ്നിഫിക്കറ്റിൻ്റെ ആലാപനം വിശ്വാസികൾക്ക് ദൈവിക അനുഭവം സമ്മാനിച്ചു. ബിഷപ്പ് കാഡിയുടെ 88 കാരനായ പിതാവ് ജോൺ ചടങ്ങിന് സാക്ഷ്യം വഹിക്കുകയും ​ഗാനം ആലപിക്കുകയും ചെയ്തു.

തന്നെ ബിഷപ്പായി നിയമിച്ച ഫ്രാൻസിസ് മാർപാപ്പക്കും പിന്തുണയർപ്പിച്ച ജനങ്ങൾക്കും ബിഷപ്പ് ജോ കാഡി നന്ദി പറഞ്ഞു. ഒരു വൈദികനെന്ന നിലയിൽ ആവശ്യമുള്ളവരെ സഹായിക്കാനും യേശു ക്രിസ്തുവിൻ്റെ പിന്തുണയും മാർഗ നിർദേശവും എല്ലാവരിലേക്കും എത്തിക്കാനും ജീവിതം സമർപ്പിക്കുന്നെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിന്റെ സ്നേഹം അനുഭവിക്കാനായി കാത്തിരിക്കുന്ന എല്ലാവരെയും കാണുന്നതിനായി സമയം കണ്ടെത്തുമെന്നും ബിഷപ്പ് കാഡി കൂട്ടിച്ചേർത്തു.

1964 ൽ മെൽബണിൽ ജനിച്ച ബിഷപ്പ് ജോ കാഡി 1990 ലാണ് മെൽബൺ അതിരൂപതക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. 2002 മുതൽ 2013 വരെ ജയിൽ മിനിസ്ട്രി ടീമിൽ പാർട്ട് ടൈം ചാപ്ലെയനായി സേവനമനുഷ്ഠിച്ചു. മെൽബൺ അതിരൂപതയുടെ വികാരി ജനറലായി ബിഷപ്പ് ജോ കാഡി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇടവക ശുശ്രൂഷയിലും അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗത്തിൻ്റെ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.