ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്‌നം അവാര്‍ഡ് സമ്മാനിച്ചു

ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് പൗരസ്ത്യരത്‌നം അവാര്‍ഡ് സമ്മാനിച്ചു

സീറോമലബാര്‍ സഭയുടെ പൗരസ്ത്യരത്‌നം അവാര്‍ഡ് ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് സമ്മാനിക്കുന്നു. മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സേവിയര്‍ ക്രിസ്റ്റി കപ്പൂച്ചിന്‍, ഫാ. ബിജു വടക്കേല്‍ സി.എം.ഐ, ഫാ. ബെന്നി നല്‍ക്കര സി.എം.ഐ തുടങ്ങിയവര്‍ സമീപം.

കൊച്ചി: സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 'പൗരസ്ത്യരത്‌നം' അവാര്‍ഡ് സമ്മാനിച്ചു. സി.എം.ഐ സമര്‍പ്പിത സമൂഹാ അംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാദര്‍ വര്‍ഗീസ് പാത്തികുളങ്ങരയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യ പാരമ്പര്യങ്ങള്‍ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പുരസ്‌കാരം നല്‍കിക്കൊണ്ട് പറഞ്ഞു.

തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രൊഫസറും ആയിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് 'പൗരസ്ത്യരത്‌നം' അവാര്‍ഡ്.

സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയകമ്മിറ്റി അംഗങ്ങള്‍.

പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമ കല, ആരാധനക്രമ സംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്‍കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് കറുകുറ്റി ക്രൈസ്റ്റ് ദ കിങ് സി.എം.ഐ ആശ്രമത്തില്‍ നടന്ന പൊതുസമ്മേളത്തില്‍വച്ചാണ് ഫാദര്‍ വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് സമ്മാനിച്ചത്. മേജര്‍ ആര്‍ച്ചുബിഷപ്പ് അദേഹത്തെ അനുമോദിക്കുകയും സീറോമലബാര്‍ സഭയുടെ നാമത്തില്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.

മാര്‍ തോമസ് ഇലവനാല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ബിജു വടക്കേല്‍ സി.എം.ഐ, ഫാ. ബെന്നി നല്‍ക്കര സി.എം.ഐ, ഫാ. ജെയ്‌സണ്‍ ചിറേപ്പടിക്കല്‍ സി.എം.ഐ. എന്നിവര്‍ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.