പാലക്കാട്: കൃഷിയിലേയ്ക്ക് താല്പര്യം പൂര്‍വം ഇറങ്ങി ചെല്ലുന്നവരെ സഹായിക്കാന്‍ തയ്യാറാണ് മംഗലംഡാം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫൊറോന പളളിയിലെ വികാരി ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിൽ. അദ്ദേഹത്തെ സഹായിക്കാന്‍ ശക്തമായ പിന്തുണയുമായി മംഗലംഡാമിലെ കര്‍ഷക കൂട്ടായ്മയും ഒരുപറ്റം യുവജനങ്ങളും സജീവമായി രംഗത്തുണ്ട്. ഫാ. ചെറിയാന്‍ പ്രധാനമായും ചക്കയുടെ ഉത്പാദനത്തിനാണ് പ്രാധാന്യം നൽകുന്നത്.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മംഗലംഡാം ചക്കഗ്രാമം പദ്ധതിയും വലിയ വിജയകരമായി തുടരുകയാണ്. അത്യുദ്പ്പാദനശേഷിയുളള നാലായിരത്തോളം പ്ലാവിന്‍തൈകളാണ് പളളി പരിസരത്ത് തന്നെ ഉണ്ടാക്കി വിതരണം ചെയ്തത്. രൂപതയുടെ പ്രോസസിംഗ് ഫാക്ടറി, ഓൺലൈൻ എക്സ്പോർട്ടിങ് എന്നിവയ്ക്ക് പുറമേ, , പുതുതായി ഒരു വർഷം കൊണ്ട് തന്നെ കായ്ക്കുന്ന 'വിയറ്റ്നാം ഏർലി സൂപ്പർ' ഇനത്തിലുള്ള പ്ലാവിന്റെ പരിപാലനത്തിനും പ്രചാരണത്തിനുമാണ് ഈ പുരോഹിതൻ ഇപ്പോൾ ശ്രദ്ധ വയ്ക്കുന്നത്.
കര്‍ഷക കൂട്ടായ്മയായ മംഗലംഡാം വികസനസമിതി അംഗങ്ങളും ചേർന്ന് ഓണ്‍ലൈന്‍ കൃഷി പരീക്ഷിക്കുകയും അതിന്റെ ഭാഗമായി മംഗലംഡാം മേഖലയിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി 12 വാട്‌സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ചു. ഇതിലൂടെ പുതിയ കൃഷി രീതികള്‍ അവതരിപ്പിച്ചു . വീട്ടില്‍ ഉത്പ്പാദിപ്പിച്ചുകൊണ്ടിരുന്നവയും പുതുതായി ഉത്പ്പാദിപ്പച്ചവയും എങ്ങനെ വില്‍ക്കുമെന്നാലോചിച്ചും വിഷമിക്കേണ്ടി വന്നില്ല. ഓരോരുത്തരും വില്‍ക്കാനുളള സാധനങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ആവശ്യക്കാര്‍ ഇവരുടെ വീട്ടിലെത്തി സാധനങ്ങള്‍ വാങ്ങി.
കോവിഡ് മഹാമാരി ശക്തമായ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ആവശ്യമായ സാധനങ്ങൾ വീടുകളിൽ വന്ന് കൊടുക്കൽ വാങ്ങൽ നടത്തിയിരുന്നത്. ഇടനിലക്കാരില്ലാതെ നേരിട്ട് വാങ്ങുന്നതിനാല്‍ അമിതവിലയുമില്ല. ഉത്പ്പാദകന് വിപണയില്‍ കൊടുക്കുന്നതിനേക്കാല്‍ വിലയും കിട്ടി. അഞ്ഞൂറോളം കര്‍ഷകരാണ് വാട്‌സാപ്പ് ഗ്രൂപ്പ് വഴി ദിവസേന ഇത്തരത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.
പ്രധാന കൃഷി ഉൽപ്പന്നമായ ചക്കയ്ക്ക് പുറമേ പളളി വളപ്പില്‍ മറ്റ് കൃഷികളും ചെയ്യുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് മഞ്ഞള്‍, പൈനാപ്പിള്‍, ചക്ക തുടങ്ങിയവ സംഭരിച്ച് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുണ്ടാക്കാനും ആരംഭിച്ചിട്ടുണ്ട്. ചേന, ചേമ്പ്, കാച്ചില്‍, കപ്പ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷി ചെയ്യുന്നതിനായി പയർ, ചീര, വെണ്ട, പടവലം തുടങ്ങിയ നിരവധി വിത്തുകൾ സൗജന്യമായി വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഈ വൈദികൻ. കൂടാതെ വെള്ളരി, കുറ്റിപ്പയർ ഇവയുടെ കൃഷിയും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായി ഭക്ഷ്യവസ്തു ഉത്പ്പാദനത്തില്‍ മംഗലംഡാമിനെ സ്വയംപര്യപ്തതയിലെത്തിക്കുകയാണ് ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിലിന്റെ ലക്ഷ്യം.
ഇദ്ദേഹം മംഗലംഡാം പള്ളിയില്‍ എത്തിയതിനു ശേഷം പളളിപരിസരം പ്ലാവ് കൊണ്ടു നിറഞ്ഞ നിലയിലായി. അതിനുപുറമേ പച്ചക്കറികൃഷിയും. കഴിഞ്ഞ ഇടയ്ക്കായി 65 വർഷം പ്രായമുള്ള പ്ലാവ് കണ്ടുപിടിച്ചതായി അച്ഛൻ പറഞ്ഞു. . സിബിഎസ്ഇ സ്കൂൾ ഉൾപ്പെടെയുള്ള നാല് ഏക്കർ സ്ഥലത്താണ് 140 ഓളം പ്ലാവ് കൃഷി ചെയ്തിരിക്കുന്നത് എന്നും അതിൽ 60, 65 ഓളം പ്ലാവുകൾ കായ്ക്കുകയും അതിൽ നിന്ന് 500 ചക്ക വരെ ലഭിക്കുന്നുണ്ട്.
വളളിയോട് സെന്റ് മേരീസ് പോളിടെക്‌നിക് കോളേജിലും, മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലും ഡയറക്ടറായിരുന്ന കാലങ്ങളില്‍ കോളജ് പരിസരങ്ങളില്‍ എല്ലാവിധ കൃഷികളും മറ്റും ചെയ്ത് ഏറെ പ്രശംസകൾ നേടിയ വ്യക്തിയാണ് ഫാ ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍. മുണ്ടൂർ യുവക്ഷേത്ര കോളേജിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അന്നം' എക്സിബിഷന് ഓൾ കേരള ഗ്രീൻ ക്യാമ്പസ് അവാർഡ് ലഭിച്ചിരുന്നു. എക്സിബിഷനിൽ പ്രധാന ഉൽപ്പന്നം ചക്ക തന്നെയായിരുന്നു.
ജാക്ക് പൗഡർ പോലെയുള്ള ചക്കയുടെ വിവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പദ്ധതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടിൽ. അദ്ദേഹം കാട്ടിത്തന്ന മാതൃക കർഷക വൃത്തിയിലേക്കു കടക്കുന്ന ഏതൊരു സമൂഹത്തിനും അനുകരിക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.