200 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തെ ഇന്നിന്റേതാക്കിയ ചടങ്ങ്; ധന്യന്‍ മാത്യു കദളിക്കാട്ടിലിനെക്കുറിച്ചുള്ള ഡൊക്യുഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചു

 200 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സാമൂഹ്യ സാംസ്‌കാരിക പശ്ചാത്തലത്തെ ഇന്നിന്റേതാക്കിയ ചടങ്ങ്; ധന്യന്‍ മാത്യു കദളിക്കാട്ടിലിനെക്കുറിച്ചുള്ള ഡൊക്യുഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചു

പാല: തിരുഹൃദയ സന്ന്യാസ സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ മാത്യു കദളിക്കാട്ടിലിനെപ്പറ്റി എസ്.എച്ച് മീഡിയയുടെ നേതൃത്വത്തില്‍ ഡൊക്യുഫിക്ഷന്‍ പ്രദര്‍ശിപ്പിച്ചു. പാല എം.എല്‍.എ മാണി സി കാപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ധന്യന്‍ കദളിക്കാട്ടില്‍ അച്ചന്‍ അദേഹത്തിന്റെ മഹത്വപൂര്‍ണമായ പ്രവര്‍ത്തിന് എത്രയും വേഗം തന്നെ വിശുദ്ധ പദവിയില്‍ എത്തട്ടേയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപി പ്രത്യാശ പ്രകടിപ്പിച്ചു. കദളിക്കാട്ടില്‍ അച്ചന്‍ കേവലം ഒരു സന്യാസ സമൂഹത്തിന് മാത്രമല്ല മാതൃക. ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ട എല്ലാ ജനവിഭാഗത്തിനും വേണ്ടി നിലകൊണ്ട വ്യക്തികൂടിയാണ്. വളരെക്കുറച്ച് കാലംകൊണ്ട് തന്നെ സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ അദേഹത്തിന് കഴിഞ്ഞു.


സ്ത്രീശാക്തീകരണത്തിന് വലിയ പ്രാധാന്യത്തോടെ ഊന്നല്‍ നല്‍കി എന്നതിന് തെളിവാണ് അദേഹം ആ കാലഘട്ടത്തില്‍ സ്ഥാപിച്ച സെന്റ് മേരീസ് വിദ്യാലയം. ദൈവ സ്‌നേഹം എന്നത് മനുഷ്യ സ്‌നേഹം ആണെന്ന് കാണിച്ചു തന്ന പുണ്യ വ്യക്തിത്വമായിരുന്നു ധന്യന്‍ കദളിക്കാട്ടിലെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി അനുസ്മരിച്ചു.
നൂറുകണക്കിന് എസ്.എച്ച് സഭാ സമൂഹത്തിലെ സന്യസ്തര്‍ അണിനിരന്ന ചടങ്ങില്‍ സമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധി വ്യക്തികള്‍ പങ്കെടുത്തു. തിരുഹൃദയ ഭക്തിയോടും സ്ത്രീശാക്തികരണത്തോടും 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്യു അച്ചന്‍ കാണിച്ച പ്രവര്‍ത്തനത്തിന്റെ നാള്‍വഴികളാണ് ഇതിന്റെ മുഖ്യ പ്രമേയം. പാല പുത്തേട്ട് സിനിമാസാണ് പ്രദര്‍ശനത്തിന് വേണ്ട സൗകര്യം ഒരുക്കിയത്.

'അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട് യേശുവിന് അവരോട് അലിവ് തോന്നി'-എന്ന വാക്യമാണ് ഫാദര്‍ മാത്യു കദളിക്കാട് തന്റെ ജീവിതത്തില്‍ ഉടനീളം അനുവര്‍ത്തിച്ച് വന്ന ആപ്ത വാക്യം. അത് അദേഹം തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയും ചെയ്തു.


ആരായിരുന്നു ധന്യന്‍ മാത്യു കദളിക്കാട്ടില്‍?

സേക്രഡ് ഹാര്‍ട്ട് സന്യാസി സമൂഹത്തിന്റെ സ്ഥാപകന്‍ എന്നതിലുപരി ഒരു സാമൂഹ്യ പരിഷ്‌ക്കാര്‍ത്താവ് കൂടിയായിരുന്നു അദേഹം. കോട്ടയം ജില്ലയിലെ പാലായ്ക്കും ഭരണങ്ങാനത്തിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഇടപ്പാടി ഗ്രാമത്തിലെ കദളിക്കാട്ടില്‍ സക്കറിയായുടെയും പൈകട റോസായുടെയും നാല് മക്കളില്‍ രണ്ടാമനായി 1872 ഏപ്രില്‍ 25 നായിരുന്നു അദേഹത്തിന്റെ ജനനം. താണോലി പള്ളി വകയായി നടത്തിവന്ന സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. കോട്ടയത്ത് മാന്നാനം ആശ്രമത്തോട് ചേര്‍ന്നുള്ള സെമിനാരിയില്‍ ബിഷപ്പ് കാര്‍ലോസ് ലവീഞ്ഞിന്റെ നിര്‍ദേശ പ്രകാരം വൈദികപഠനം പൂര്‍ത്തിയാക്കി.


1901 ല്‍ വൈദികപട്ടം സ്വീകരിച്ചു. പാലാ വലിയ പള്ളി, കരൂര്‍, ളാലം പഴയ പള്ളി, കണ്ണാടിയുറുമ്പ് എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1911 ല്‍ സേക്രഡ് ഹാര്‍ട്ട് സന്യാസി സമൂഹത്തിന് രൂപം നല്‍കി. 1914 ഏപ്രിലില്‍ ഇദേഹത്തിന്റെ ശ്രമഫലമായി അഗതി മന്ദിരം സ്ഥാപിച്ചു. 1922 മുതല്‍ 1925 വരെയുള്ള കാലയളവില്‍ ളാലം സെന്റ് മേരീസ് സ്‌കൂള്‍, 1929 ല്‍ രാമപുരം സേക്രഡ് ഹാര്‍ട്ടിന്റെ രണ്ടാമത്തെ കോണ്‍വെന്റ് എന്നിവ സ്ഥാപിച്ചു.


1935 മെയ് 23 നായിരുന്നു അദേഹത്തിന്റെ അന്ത്യം. പാലാ പള്ളിയിലെ സെമിത്തേരിയില്‍ നിന്നും ഭൗതികാവശിഷ്ടങ്ങള്‍ 1937 ല്‍ കണ്ണാടിയുറുമ്പിലെ മഠം കപ്പേളയില്‍ വീണ്ടും അടക്കം ചെയ്തു. 1989 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ബെനെഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ വിശുദ്ധപ്രഖ്യാപനത്തിന്റെ ആദ്യപടിയായി 2011 ല്‍ ധന്യനായി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.