ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നത് 'മെര്‍ക്കുറി ബോംബ്'; മനുഷ്യരാശിക്ക് ഭീഷണി: മുന്നറിയിപ്പുമായി ഗവേഷകര്‍

ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നത് 'മെര്‍ക്കുറി ബോംബ്'; മനുഷ്യരാശിക്ക് ഭീഷണി: മുന്നറിയിപ്പുമായി ഗവേഷകര്‍

മോസ്‌കോ: മനുഷ്യരാശിക്കും പ്രകൃതിക്കുമെതിരായ വലിയൊരു ഭീഷണി ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ക്കടിയില്‍ ഒളിച്ചിരിക്കുന്നതായി ഗവേഷകര്‍. മെര്‍ക്കുറി ബോംബെന്നാണ് ശാസ്ത്രഞ്ജര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിക്കിലെ പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുകുന്നതിലൂടെ പ്രദേശത്തെ ജലത്തിലേക്ക് വിഷാംശമുള്ള മെര്‍ക്കുറിയെ പുറന്തള്ളുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇത് പരിസ്ഥിതിക്ക് ഗുരുതരമായ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക് പ്രദേശങ്ങളിലെ മഞ്ഞുരുക്കം വര്‍ധിക്കുന്നത് ലോകത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് വന്‍ തോതില്‍ ഉയരാനും അതുവഴി സമുദ്രതീരങ്ങള്‍ കൂടുതല്‍ കടലെടുക്കാനും ഇടയാകുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെയാണ് പുതിയ പഠനം ലോകത്തെയാകെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത്.

നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെര്‍മാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍.

പതിനായിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞുകൂടിയ മഞ്ഞില്‍ അടങ്ങിയിരിക്കുകയായിരുന്നു ഈ മെര്‍ക്കുറി. എന്നാല്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങിയതോടെ ഇത് സമീപത്തെ നദീജലത്തിലേക്ക് ലയിച്ച് ചേരുകയാണ്. 'ആര്‍ട്ടിക്കില്‍ ഭീമാകാരമായ 'മെര്‍ക്കുറി ബോംബ്' പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്നു,' എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ ഡോര്‍ണ്‍സൈഫ് കോളജ് ഓഫ് ലെറ്റേഴ്‌സ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ എര്‍ത്ത് സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് പ്രൊഫസര്‍ ജോഷ് വെസ്റ്റ് നല്‍കുന്ന മുന്നറിയിപ്പ്.

നദീതീരങ്ങളിലും പ്രദേശത്തെ മണല്‍ത്തിട്ടകളിലും അവിടെനിന്നും ലഭിച്ച അവശിഷ്ടങ്ങളിലും മണ്ണിന് അടിയില്‍ നിന്നും ഗവേഷകര്‍ക്ക് മെര്‍ക്കുറിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞു. പെര്‍മാഫ്രോസ്റ്റിലെ മഞ്ഞുരുക്കം മെര്‍ക്കുറി അടക്കം വിഷാംശമുള്ള ലോഹങ്ങളെ നദിയിലും നദീതീരത്തും നിക്ഷേപിക്കാന്‍ ഇടയാക്കുന്നു. സസ്യങ്ങള്‍ ഇത് ആഗിരണം ചെയ്യുന്നു.

ഇത് ആര്‍ട്ടിക് പ്രദേശത്ത് താമസിക്കുന്ന അഞ്ചു ദശലക്ഷം ആളുകള്‍ക്ക് പാരിസ്ഥിതികവും ആരോഗ്യപരവുമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ളത്തിലൂടെയുള്ള മലിനീകരണത്തിന് സാധ്യത കുറവാണെങ്കിലും, വിനാശകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഭക്ഷ്യ ശൃംഖലയില്‍ ലോഹം അടിഞ്ഞുകൂടുന്നതോടെ കാലക്രമേണ മനുഷ്യ ശരീരത്തില്‍ വലിയ തോതിലുള്ള ആഘാതമാകും സൃഷ്ടിക്കുക. 'പതിറ്റാണ്ടുകളായുള്ള മഞ്ഞുരുക്കം പുറത്ത് വിടുന്ന മെര്‍ക്കുറിയുടെ അളവില്‍ വലിയ വര്‍ധനയാണ് ഉണ്ടാക്കിയത്. ഇത് വലിയ നഷ്ടം വരുത്തും' - ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ലോകത്തെ മറ്റ് ഇടങ്ങളെക്കാള്‍ ഇരട്ടിയിലേറെ വേഗത്തിലാണ് ആര്‍ട്ടിക് മേഖലയില്‍ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. സമുദ്രത്തിന്റെ ഉപരിതലം മുന്‍കാലങ്ങളെക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.