ലാറ്ററല്‍ എന്‍ട്രി നിയമന നീക്കം പിന്‍വലിച്ച് കേന്ദ്രം; പരസ്യം ഒഴിവാക്കാന്‍ യു.പി.എസ്.സിയോട് ആവശ്യപ്പെട്ട് മന്ത്രി ജിതേന്ദ്ര സിങ്

ലാറ്ററല്‍ എന്‍ട്രി നിയമന നീക്കം പിന്‍വലിച്ച് കേന്ദ്രം; പരസ്യം ഒഴിവാക്കാന്‍ യു.പി.എസ്.സിയോട്  ആവശ്യപ്പെട്ട് മന്ത്രി ജിതേന്ദ്ര സിങ്

ന്യൂഡല്‍ഹി: ചില മന്ത്രാലയങ്ങളിലെ നിര്‍ണായക തസ്തികകളില്‍ സ്വകാര്യ മേഖലയില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രി വഴി ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറി കേന്ദ്ര സര്‍ക്കാര്‍.

ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി അധ്യക്ഷന് കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

2014 ന് മുമ്പ് നടത്തിയ ഇത്തരം നിയമനങ്ങളില്‍ സ്വജനപക്ഷപാതമടക്കം ആരോപിക്കപ്പെട്ടിരുന്നെങ്കിലും എന്‍.ഡി.എ സര്‍ക്കാര്‍ സുതാര്യമായ തുറന്ന നടപടികളിലൂടെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തിയതെന്ന് കത്തില്‍ പറയുന്നു.

ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ട തുല്യത, സാമൂഹിക നീതി, സംവരണം എന്നീ തത്വങ്ങള്‍ക്ക് അനുസൃതമായി മാത്രമേ ലാറ്ററല്‍ എന്‍ട്രി നടത്താവൂ എന്നാണ് പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെ ലാറ്ററല്‍ എന്‍ട്രി നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംവരണം അട്ടിമറിക്കനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബിജെപിയും കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷി മന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.

പത്ത് ജോയിന്റ് സെക്രട്ടറിമാര്‍, 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാര്‍ എന്നിവരെ സ്വകാര്യ മേഖലകളില്‍നിന്ന് നിയമിക്കാനായിരുന്നു കേന്ദ്ര തീരുമാനം. ഒന്നര ലക്ഷം മുതല്‍ 2.7 വരെയാണ് ശമ്പളം.

ആഭ്യന്തരം, ധനകാര്യം, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. സ്റ്റീല്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്കാണ് ജോയിന്റ് സെക്രട്ടറിമാരെ ക്ഷണിച്ചിരുന്നത്. ആഭ്യന്തരം, വിദ്യാഭ്യാസം, ഐ.ടി, കോര്‍പ്പറേറ്റ് അഫയേഴ്‌സ്, വിദേശകാര്യം, സ്റ്റീല്‍, ധനകാര്യം തുടങ്ങിയ വകുപ്പുകളിലേക്കായിരുന്നു 35 ഡയറക്ടര്‍മാര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരെ നിയമിക്കാന്‍ ഉദേശിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.