മഞ്ഞൾ കൃഷിയും ഹങ്കർ ഹണ്ടും പിന്നെ കിഡ്നിയച്ചനും 1

മഞ്ഞൾ കൃഷിയും  ഹങ്കർ ഹണ്ടും  പിന്നെ കിഡ്നിയച്ചനും 1

കടങ്ങോട്(തൃശ്ശൂർ): ശുദ്ധമായ തൃശ്ശൂർ ഭാഷയിൽ തീരെ പിശുക്കില്ലാതെ നർമ്മം വാരി വിതറി സംസാരിക്കുന്ന ഒരു വൈദികൻ ആരെന്നു ചോദിച്ചാൽ ആർക്കും അധികം ആലോചിക്കേണ്ടി വരില്ല, അത് ചിറമേൽ അച്ചനല്ലേ എന്ന് ചോദിയ്ക്കാൻ. അതെ, 'കിഡ്‌നി അച്ചൻ' എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന ഫാ ഡേവിസ് ചിറമേൽ. അച്ചന്റെ ജീവകരുണ്യ പ്രവർത്തനങ്ങൾ ലോകം മുഴുവൻ പടർന്നു പന്തലിച്ചിരിക്കുകയാണ്. കിഡ്‌നി ഫെഡറേഷനും ക്ലോത് ബാങ്കും ഹങ്കർ ഹണ്ടും പിന്ന ഇപ്പൊൾ ഇതാ മഞ്ഞൾ കൃഷിയും. മനുഷ്യ ഹൃദയങ്ങളിൽ ഇത്രമാത്രം ഇടം പിടിച്ച ഈ വൈദികൻ ബൈബിൾ വചനം അപ്പാടെ ജീവിതത്തിൽ പ്രവർത്തികമാക്കിയ ഒരു സാധുവാണ്. "നമുക്ക് ജീവിക്കാൻ ഒരെണ്ണം മതിയെടോ" എന്ന് പറഞ്ഞുകൊണ്ട് തന്റെ ഒരു കിഡ്‌നി ദാനം ചെയ്തുകൊണ്ടാണ് കിഡ്‌നി ഫെഡറേഷന് തുടക്കമിട്ടത്

“ഹങ്കർ ഹണ്ട്  വൺ ഡേ വൺ  മീൽ”

ഈ അടുത്ത ഇടക്ക് കേരളത്തിൽ ഒരു വൃദ്ധൻ പട്ടിണി കിടന്ന് മരിച്ച വാർത്ത കേരളത്തിലെ മനുഷ്യസ്നേഹികൾ ഞെട്ടലോടെയാണ് കേട്ടത്. ആ ഞെട്ടൽ പരത്തിയ തീപ്പൊരി ഹങ്കർ ഹണ്ട് കൂടുതൽ ഊർജസ്വലമാകാൻ കാരണമായി. 'കേരളത്തിൽ ഇനി ആരും പട്ടിണി കിടക്കാൻ പാടില്ല' എന്ന് പറഞ്ഞുകൊണ്ട് ചിറമേൽ അച്ചൻ തീവ്രമായ പ്രവർത്തനം ആരംഭിച്ചു. "ഹങ്കർ ഹണ്ട് ,വൺ ഡേ വൺ മീൽ" പദ്ധതി ഇപ്പോൾ കാട്ടുതീ പോലെ പടർന്ന് ഫലം കണ്ടുകൊണ്ടിരിക്കുന്നു.

കേരളത്തിൽ വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംരംഭം പതിനായിരക്കണക്കിന് ഒട്ടിയ വയറുകൾക്ക് ആശ്വാസമാണ്. ഇതിന് നേതൃത്ത്വം കൊടുത്ത് ഭക്ഷണം പാകം ചെയ്യുന്നത് കേരളത്തിലെ ജയിലുകളിലെ ഉദ്യോഗസ്ഥരും അന്തേവാസികളുമാണ് . പാകം ചെയ്ത് പൊതികളാക്കി വയ്ക്കുന്ന ഭക്ഷണം എല്ലായിടത്തും എത്തിക്കുന്നത് വൈ എം സി എ ആണ്. ഈ മാസം ഒന്നാം തീയതി ഏതാണ്ട് പതിനെണ്ണായിരത്തിന് മുകളിൽ ആളുകൾക്കാണ് ബിരിയാണി വിതരണം ചെയ്തത്. ലോകത്താകമാനമുള്ള സുമനസ്സുകളാണ് ഇതിനുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്. വീയുർ സെൻട്രൽ ജയിലിലെ സുപ്രണ്ടിന്റെ അക്കൗണ്ടിലേക്ക് ആയിരങ്ങൾ അയയ്ക്കുന്ന പണം പൊതിച്ചോറായി വിശക്കുന്നവന്റെ മുൻപിൽ എത്തുന്നു. എല്ലാമാസവും ഒന്നാം തീയതി ആണ് ഭക്ഷണം വിതരണം ചെയുന്നത്. ഒരു ദിവസത്തെ ഭക്ഷണം തയാറാക്കുന്നതിന് ഏതാണ്ട് പന്ത്രണ്ട് ലക്ഷം രൂപയാണ് ചിലവ്. കൂടുതൽ ആൾക്കാർ സഹകരിച്ചാൽ കൂടുതൽ ദിവസങ്ങളിൽ ഭക്ഷണ വിതരണം നടത്താനാകും എന്ന് അച്ചൻ സിന്യൂസിനോട് പറഞ്ഞു. " വിശക്കുന്നവന് ഭക്ഷണവും വസ്ത്രമില്ലാത്തവന് വസ്ത്രവും" എന്നതാണ് 2021 ൽ ലക്‌ഷ്യം വച്ചിരിക്കുന്നത് എന്നും അച്ചൻ കൂട്ടിച്ചേർത്തു.

നിങ്ങൾക്കും ഇതിൽ പങ്കാളികളാകണോ? ചെയ്യേണ്ടത് ഇതാണ്. താഴെക്കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് നിങ്ങൾക്കാവുന്ന തുക അയക്കുക. ഒരാൾക്കുള്ള ഒരു നേരത്തെ ഭക്ഷണത്തിന് വെറും 65 രൂപ മാത്രം. "എനിക്ക് ഇതേ ഉള്ളു അച്ചോ" എന്ന് പറഞ്ഞു 'വിധവയുടെ ചില്ലിക്കാശയ' അറുപത്തി അഞ്ചു രൂപ കൊടുത്തവർ തുടങ്ങി ലക്ഷങ്ങൾ വരെ സംഭാവന ചെയ്തവരെയും അച്ഛൻ ഓർക്കുന്നു. കേരളത്തിലെ പത്ത് ശതമാനം ആൾക്കാർ വിചാരിച്ചാൽ എല്ലാവർക്കും ഭക്ഷണം എത്തിച്ചു കൊടുക്കാൻ സാധിക്കും എന്ന് ചിറമേലച്ചൻ. ക്ലോത് ബാങ്കിലൂടെ ആയിരുന്നു ആദ്യം ഇതിനുള്ള പണം കണ്ടെത്തിയിരുന്നത്. ഉപയോഗ്യയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച്, അതിൽ നിന്നും കിട്ടുന്ന വരുമാനമായിരുന്നു ഹങ്കർ ഹണ്ടിന് വേണ്ടി ഉപയോഗിച്ചുകൊണ്ടിരുന്നത്. കേരളത്തിൽ പലയിടത്തും ക്ലോത് ബാങ്കുകൾ ഉയർന്നു കഴിഞ്ഞു. അവസാനം തുടങ്ങിയ ബാങ്ക് കൊരട്ടിയിലാണ്. സന്മനസുള്ള ഒരു വ്യക്തി സൗജന്യമായി കൊടുത്ത രണ്ടായിരം സ്‌ക്വർ ഫീറ്റ് സ്ഥലത്താണ് മൂന്നാമത്തെ ഈ ക്ലോത് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നിങ്ങൾ ഉപയോഗിക്കുന്നില്ലാത്ത എന്നാൽ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ഇവിടെ എത്തിക്കാം. അഡ്രസ് താഴെ കൊടുത്തിരിക്കുന്നു.

കൊരട്ടിയിലെ ക്ലോത് ബാങ്കിന്റെ അഡ്രസ്സ് :

ക്ലോത് ബാങ്ക്  വേഴ്സസ് ഹങ്കർ ഹണ്ട്

വടക്കുംപാടം ടവേഴ്സ്

കൊരട്ടി ജങ്ക്ഷൻ

തൃശൂർ


(അച്ചന്റെ മഞ്ഞൾ കൃഷിയെപ്പറ്റിയും വിളവെടുപ്പിനെപ്പറ്റിയുമുള്ള വിവരങ്ങൾ നാളെ)


പണം അയക്കേണ്ട അക്കൗണ്ടിന്റെ വിശദാംശങ്ങൾ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.