അനാരോഗ്യത്തെ തോല്‍പിച്ച വിശ്വാസം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാകാന്‍ എലീന്‍ ഒ'കോണര്‍; പ്രതീക്ഷയില്‍ കത്തോലിക്ക സമൂഹം

അനാരോഗ്യത്തെ തോല്‍പിച്ച വിശ്വാസം; ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാകാന്‍ എലീന്‍ ഒ'കോണര്‍; പ്രതീക്ഷയില്‍ കത്തോലിക്ക സമൂഹം

സിഡ്‌നി: ഹ്രസ്വമായ ജീവിത യാത്രയില്‍ വിശുദ്ധിയുടെ പ്രകാശം പരത്തുകയും തന്നെക്കാള്‍ കഷ്ടപ്പാടില്‍ കഴിഞ്ഞിരുന്നവര്‍ക്ക് സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശമേകുകയും ചെയ്ത സിഡ്നിയിലെ എലീന്‍ ഒ'കോണര്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാകുന്നത് കാത്തിരിക്കുകയാണ് രാജ്യത്തെ കത്തോലിക്ക സമൂഹം.

സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറിന്റെ നേതൃത്വത്തില്‍ എലീന്റെ വിശുദ്ധ പദവിക്കായുള്ള രൂപതാ തലത്തിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വത്തിക്കാന്‍ അനുകൂല തീരുമാനമെടുക്കുന്നത് കാത്തിരിക്കുകയാണ് വിശ്വാസികളും എലീന്‍ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലെ അംഗങ്ങളും.

വിശുദ്ധ പദവിക്ക് തെളിവായി കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി എലീന്‍ ഒ'കോണര്‍ ട്രൈബ്യൂണലും ഹിസ്‌റ്റോറിക് കമ്മീഷനും സമാഹരിച്ച രേഖകള്‍ കഴിഞ്ഞ ദിവസം റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള കാര്യാലയത്തിലേക്ക് അയച്ചു.

രൂപതാ പോസ്റ്റുലേറ്റര്‍ ഫാ. ആന്റണി റോബിയാണ് തുടക്കം മുതല്‍ അവസാനം വരെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുകയും റോമിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ സമാഹരിക്കുകയും ചെയ്തത്. സ്വര്‍ഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് എലീന്‍ ഒ'കോണറെന്ന് ഫാ. ആന്റണി റോബി പറഞ്ഞു.

ഡോക്യുമെന്റേഷന്‍ ഔപചാരികമായി സഭയില്‍ അവതരിപ്പിക്കുന്നതിനായി ഒക്ടോബറില്‍ ആര്‍ച്ച് ബിഷപ്പ് ഫിഷറിനൊപ്പം ഫാ. റോബിയും റോമിലേക്ക് പോകും.

1892-ല്‍ ജനിച്ച എലീന്‍ റോസലിന്‍ ഒ'കോണര്‍ വെറും 28 വയസു വരെ മാത്രമാണ് തന്റെ സാര്‍ത്ഥകമായ ജീവിതം നയിച്ചത്. ചെറു പ്രായത്തിലുണ്ടായ അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന എലീന് പിന്നീട് ഒരിക്കലും നടക്കാന്‍ കഴിഞ്ഞില്ല. ജീവിതകാലം മുഴുവന്‍ അവള്‍ വേദന അനുഭവിച്ചു. 20 വയസ് മാത്രം പ്രായമുള്ളപ്പോള്‍ എലീന്‍ രോഗികള്‍ക്കും അശരണര്‍ക്കുമായി സൊസൈറ്റി ഓഫ് ഔര്‍ ലേഡി നഴ്‌സസ് ഫോര്‍ ദ പൂവര്‍ എന്ന സ്ഥാപനം ആരംഭിച്ചു. രോഗികളായ പാവങ്ങള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

ശാരീരിക വൈകല്യങ്ങള്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ തീര്‍ത്തപ്പോഴും അനിതരസാധാരണമായ മനോധൈര്യമാണ് എലീന്‍ പ്രകടിപ്പിച്ചത്. മൂന്നാമത്തെ വയസിലുണ്ടായ വീഴ്ചയിലാണ് എലീന്റെ നട്ടെല്ല് തകര്‍ന്ന് ഗുരുതര വൈകല്യം ബാധിച്ചത്. അനേകം സര്‍ജറികള്‍ക്ക് വിധേയയായതോടെ ജീവിതത്തിന്റെ നല്ലൊരു പങ്കും ശയ്യാവലംബിയായി കഴിയേണ്ടി വന്നു. ശാരീരികമായ വൈഷമ്യങ്ങള്‍ക്കു പുറമെ, ക്ഷയരോഗവും ആരോഗ്യസ്ഥിതി വഷളാക്കി.

സേക്രട്ട് ഹാര്‍ട്ട് വൈദികനായിരുന്ന ഫാ. എഡ്വേര്‍ഡ് മഗ്രാത്ത്, റാന്‍ഡ്‌വിക് ഇടവക ദേവാലയത്തിലെ പതിവു സന്ദര്‍ശനവേളയിലാണ് എലീനെ കണ്ടെത്തുന്നത്. രണ്ടുപേരും മാതാവിനോടുള്ള ഭക്തിയില്‍ ജ്വലിക്കുന്നവരായിരുന്നു.

മാതാവിനോടുള്ള സ്നേഹത്തെ പ്രതി രോഗികളെ പരിചരിക്കുന്നതിന് ഒരു സഭ സ്ഥാപിക്കാന്‍ ഇരുവരും ആഗ്രഹിച്ചു. രോഗബാധിതരായി വീടുകളില്‍ കഴിയുന്നവരെ സഹായിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത്, വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിച്ചിരുന്നില്ല. നിരവധി പേരുടെ സഹായത്തോടെ 1913-ല്‍ സിഡ്‌നിയിലെ കൂഗിയിലെ ഒരു വാടക വീട്ടില്‍ ഔര്‍ ലേഡി നഴ്‌സസ് ഫോര്‍ ദ പൂവര്‍ മിനിസ്ട്രിക്ക് തുടക്കമിട്ടു. താമസിയാതെ അത് ഔര്‍ ലേഡീസ് ഹോം എന്നറിയപ്പെട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അനേകം യുവതികള്‍ പാവപ്പെട്ടവരെയും രോഗികളെയും പരിചരിക്കാന്‍ സന്നദ്ധരായി എത്തി.

തന്റെ അനാരോഗ്യത്തിനും വേദനയ്ക്കുമെതിരെ പോരാടി അവള്‍ തന്റെ സമൂഹത്തിന് കിടക്കയില്‍ കിടന്നുകൊണ്ടുതന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. നട്ടെല്ലില്‍ ബാധിച്ച ക്ഷയരോഗത്താല്‍ 1921 ല്‍ എലീന്‍ കടന്നുപോകുമ്പോള്‍ വെറും 28 വയസേയുണ്ടായിരുന്നുള്ളൂ.

മരണത്തിന് 16 വര്‍ഷത്തിനുശേഷം, എലീന്റെ ഭൗതികാവശിഷ്ടം റാന്‍ഡ്വിക് സെമിത്തേരിയില്‍ നിന്ന് കൂഗീയിലെ ഔര്‍ ലേഡീസ് ഹോമിലെ എലീന്റെ കൊച്ചുമുറിയിലേക്ക് മാറ്റാന്‍ സഭാധികൃതര്‍ അനുവാദം നല്‍കി. അവിടെ ഒരു ചാപ്പലും സ്ഥാപിക്കപ്പെട്ടു. 1953 ല്‍ അവള്‍ സ്ഥാപിച്ച സഭയ്ക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി.

ഭൗതികാവശിഷ്ടം എലീന്റെ മുറിയിലേക്ക് മാറ്റുന്നതിനായി കല്ലറ തുറന്നപ്പോള്‍ അവളുടെ ശരീരം ഒട്ടും ജീര്‍ണിക്കാത്ത അവസ്ഥയില്‍ കണ്ടെത്തിയത് വിശ്വാസികള്‍ക്ക് അത്ഭുതമായി. 1990 ലാണ് നാമകരണ നടപടി തുടങ്ങിയത്.

കൂഗിയിലെ ഔര്‍ ലേഡീസ് ഹോമില്‍ ഒത്തു ചേരുന്ന വിശ്വാസികള്‍ ജപമാല ചൊല്ലുകയും എലീന്‍ ഒ'കോണറുടെ മാധ്യസ്ഥ്യവും അവളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് പതിവാണ്. 19 വര്‍ഷമായി സന്യാസ സഭാംഗങ്ങള്‍ എല്ലാ ദിവസവും കല്ലറയിലെത്തി നിരന്തരം പ്രാര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.