റഷ്യയുമായി ബന്ധമുള്ള ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭയെ പുതിയ നിയമനിര്‍മാണത്തിലൂടെ നിരോധിച്ച് ഉക്രെയ്ന്‍ പാര്‍ലമെന്റ്

റഷ്യയുമായി ബന്ധമുള്ള ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭയെ പുതിയ നിയമനിര്‍മാണത്തിലൂടെ നിരോധിച്ച് ഉക്രെയ്ന്‍ പാര്‍ലമെന്റ്

കീവ്: റഷ്യയുമായി ബന്ധമുള്ള ഓര്‍ത്തഡോക്സ് സഭയെ നിരോധിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തി ഉക്രെയ്ന്‍ പാര്‍ലമെന്റ്. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന് മോസ്‌കോ പാത്രിയര്‍ക്കേറ്റുമായി ബന്ധമുള്ള ഓര്‍ത്തഡോക്‌സ് സഭ പിന്തുണയ്ക്കുന്നതായി ആരോപിച്ചാണ് നടപടി. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് യോഗത്തില്‍ 29നെതിരെ 265 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.

റഷ്യയുമായി അടുത്ത ബന്ധമുണ്ടെന്നു സംശയിക്കുന്ന എല്ലാ മതഗ്രൂപ്പുകളുടെയും ഉക്രെയ്‌നിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ നിര്‍മാണം.

ഉക്രെയ്‌നിലെ ക്രിസ്തുമത വിശ്വാസികളിലധികവും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ്. 300 വര്‍ഷത്തിലേറെയായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസിന്റെ നിയന്ത്രണത്തിലായിരുന്നു ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭ (യു.ഒ.സി). എന്നാല്‍, 2019-ല്‍ ഇതു പിളര്‍ന്ന് ഉക്രെയ്ന്‍ സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സഭ നിലവില്‍ വന്നു. തുടര്‍ന്നുണ്ടായ വിവിധ പ്രശ്‌നങ്ങള്‍ മൂലം ഉക്രെയ്‌നിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ രണ്ടു വിഭാഗങ്ങളായി കഴിഞ്ഞുപോരുകയായിരുന്നു; റഷ്യയോട് ആഭിമുഖ്യമുള്ള ഓര്‍ത്തഡോക്‌സ് വിശ്വാസികളും, റഷ്യയോട് ആഭിമുഖ്യമില്ലാത്ത വിശ്വാസികളും. ഇതില്‍ സ്വതന്ത്ര ഓര്‍ത്തഡോക്‌സ് സഭയെ നിയമനിര്‍മാണം ബാധിക്കില്ല.

അതേസമയം, അധിനിവേശം ആരംഭിച്ച 2022 ഫെബ്രുവരി മുതല്‍ മോസ്‌കോയുമായുള്ള തങ്ങളുടെ എല്ലാ ബന്ധവും വിച്ഛേദിച്ചതായി നിരോധനം നേരിടുന്ന ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭ (യു.ഒ.സി) അവകാശപ്പെടുന്നു. എന്നാല്‍ റഷ്യന്‍ അധിനിവേശത്തെ വിശുദ്ധ യുദ്ധമായി ചിത്രീകരിച്ച റഷ്യന്‍ സഭയുമായും മോസ്‌കോ പാത്രിയാര്‍ക്കീസുമായും ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭ കാനോനികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉക്രെയ്ന്‍ സര്‍ക്കാര്‍ വാദിക്കുന്നു.

ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭയെ നിരോധിച്ചത് രാജ്യത്തിന്റെ ആത്മീയ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചു. ഇത് ദേശീയ സുരക്ഷയുടെ പ്രശ്‌നമാണെന്ന് പാര്‍ലമെന്റംഗം ഐറിന ഹെരാഷ്‌ചെങ്കോ പറഞ്ഞു. 'ഇതൊരു ചരിത്ര വോട്ടെടുപ്പാണ്. ആക്രമണകാരികളുടെ ഉക്രെയ്‌നിലെ ശാഖയെ നിരോധിക്കുന്ന നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി' - ഐറിന ടെലിഗ്രാമില്‍ കുറിച്ചു.

അതേസമയം, സഭയ്ക്ക് വിദേശ കേന്ദ്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് യു.ഒ.സി വക്താവായ ക്ലെമന്റ് മെത്രാപ്പൊലീത്ത ആവര്‍ത്തിച്ചു.

പുതിയ നിയമം സഭയുടെ സ്വത്തില്‍ കണ്ണുനട്ടാണെന്നും അദ്ദേഹം ആരോപിച്ചു. 'ഉക്രെയ്ന്‍ ഓര്‍ത്തഡോക്‌സ് സഭ യഥാര്‍ഥ സഭയായി തുടര്‍ന്നും പ്രവര്‍ത്തിക്കും. ലോകത്തിലെ ബഹുഭൂരിപക്ഷം ഉക്രെയ്ന്‍ വിശ്വാസികളും സഭകളും തങ്ങളെയാണ് അംഗീകരിക്കുന്നത്' -അദ്ദേഹം പറഞ്ഞു.

മുഴുവന്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും നേരെയുള്ള ശക്തമായ പ്രഹരമാണിതെന്നും അപലപനീയമായ നീക്കമാണിതെന്നും റഷ്യ പ്രതികരിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും നിയമത്തിനെതിരേ രംഗത്തുവന്നു.

അധിനിവേശത്തെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് കിറില്‍ പിന്തുണയ്ക്കുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഫ്രാന്‍സിസ് പാപ്പ പാത്രിയാര്‍ക്കീസ് കിറിലുമായി ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. സഭ രാഷ്ട്രീയത്തിന്റെ ഭാഷ ഉപയോഗിക്കരുതെന്നും ഇരുവരും അഭിപ്രായപ്പെട്ടു. അധിനിവേശത്തിനു ശേഷം പാത്രിയാര്‍ക്കീസ് കിറിലിനെ നേരിട്ടു കാണാന്‍ മാര്‍പാപ്പ ആവര്‍ത്തിച്ച് ശ്രമിച്ചെങ്കിലും നടന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.