ന്യൂഡല്‍ഹി: രാജ്യം ഇന്ന് ആദ്യ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ചന്ദ്രനില്‍ പേടകമിറക്കി സാങ്കേതിക കരുത്ത് തെളിയിച്ചതിന്റെ ഓര്‍മ്മക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്.
2023 ഓഗസ്റ്റ് 23 നാണ് ഐ.എസ്.ആര്‍.ഒ.യുടെ ചന്ദ്രയാന്‍- 3 ലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയത്.
ലാന്‍ഡറിലെ വിജ്ഞാന്‍ റോവര്‍ ചന്ദ്രന്റെ മണ്ണില്‍ സഞ്ചരിച്ചു. അങ്ങനെ ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2028 ലാണ് അടുത്ത ചാന്ദ്ര ദൗത്യം. മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനും അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും. ദക്ഷിണ ധ്രുവത്തിലെ കാന്തിക സങ്കീര്‍ണതകള്‍ അതിജീവിച്ചത് സാങ്കേതിക മേന്‍മയായി ലോകം അംഗീകരിച്ചു. ചെലവ് കുറഞ്ഞ ഗ്രഹാന്തര യാത്രയ്‌ക്കൊപ്പം ചന്ദ്രനില്‍ ജലസാന്നിധ്യം സ്ഥിരീകരിച്ചതും മികവായി.
ദക്ഷിണ ധ്രുവത്തില്‍ ആദ്യമിറങ്ങിയ രാജ്യമെന്ന നിലയില്‍ ഇവിടെ ഇന്ത്യയ്ക്ക് മേല്‍ക്കോയ്മയും ലഭിച്ചു. ചന്ദ്രനില്‍ പേടകം പോയി തിരിച്ചു വരുന്നതാണ് അടുത്ത ദൗത്യം. ബഹിരാകാശ നേട്ടങ്ങള്‍ പുതുതലമുറയ്ക്ക് പ്രചോദനവും പൊതുജനങ്ങള്‍ക്ക് പ്രയോജനവും ആക്കാന്‍ ലക്ഷ്യമിട്ടാണ് ചന്ദ്രയാന്‍ ദിനം ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുന്നത്.
ഓഗസ്റ്റ് നാല് മുതല്‍ രാജ്യമാകെ പരിപാടികള്‍ നടക്കുകയാണ്. റോബോട്ടിക്‌സ് ചലഞ്ച്, സ്‌പെയ്‌സ് ഹാക്കത്തോണ്‍, വിജ്ഞാന്‍ ഭാരതിയുമായി ചേര്‍ന്ന് സ്‌പെയ്‌സ് ഓണ്‍ വീല്‍സ്, വിദ്യാര്‍ഥികള്‍ക്കായി സ്‌പെയ്‌സ് ട്യൂട്ടര്‍, മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്ന സ്‌പെയ്‌സ് ഫോര്‍ ഫിഷര്‍മെന്‍ പരിപാടികളും നടത്തുന്നുണ്ട്.
1969 ല്‍ തിരുവനന്തപുരത്തെ തുമ്പയില്‍ ഐ.എസ്.ആര്‍.ഒ തുടങ്ങിയ ശേഷം ഇതുവരെ 124 ദൗത്യങ്ങള്‍ നടന്നു. ഇന്ത്യയ്ക്കായി 150 ഉപഗ്രഹങ്ങളും 30 വിദേശ രാജ്യങ്ങളുടെ 432 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. ആറ് റീ എന്‍ട്രികളും വിജയിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.