അഫ്ഗാൻ സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കരുത്, മുഖം മറയ്ക്കണം: താലിബാന്റെ പുതിയ നിയമങ്ങള്‍ക്കെതിരേ യു.എന്നും ഓസ്‌ട്രേലിയയും

അഫ്ഗാൻ സ്ത്രീകൾ  പൊതുസ്ഥലത്ത് സംസാരിക്കരുത്, മുഖം മറയ്ക്കണം: താലിബാന്റെ പുതിയ നിയമങ്ങള്‍ക്കെതിരേ യു.എന്നും ഓസ്‌ട്രേലിയയും

കാബൂള്‍: പൊതുസ്ഥലത്ത് സ്ത്രീകളുടെ ശബ്ദം കേള്‍ക്കുന്നത് നിരോധിച്ചും സ്ത്രീകള്‍ മുഖം അടക്കം ശരീരം പൂര്‍ണമായി മറയ്ക്കണമെന്നുമുള്ള കിരാത നിയമവുമായി അഫ്ഗാനിസ്ഥാന്‍ ഭരിക്കുന്ന താലിബാന്‍.

സ്ത്രീകള്‍ പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തനോ പാട്ടുപാടാനോ പാടില്ല. 'പ്രലോഭനം' തടയാനാണ് സ്ത്രീകള്‍ മുഖം മറയ്ക്കേണ്ടതെന്നാണ് താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ അംഗീകരിച്ച വിവാദ നിയമത്തില്‍ പറയുന്നത്. വിഷയത്തില്‍ ഐക്യരാഷ്ട്ര സംഘടനയും ഓസ്‌ട്രേലിയ അടക്കം വിവിധ രാജ്യങ്ങളും കടുത്ത ആശങ്കയും വിമര്‍ശനവും ഉന്നയിച്ചു.

പൊതുസ്ഥലത്ത് സ്ത്രീകള്‍ പാടുകയോ ഉറക്കെ സംസാരിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. സ്ത്രീകളുടെ ശബ്ദം സ്വകാര്യമാണെന്നും പുറത്ത് കേള്‍ക്കാന്‍ പാടില്ലെന്നുമാണ് 'നിയമം' അനുശാസിക്കുന്നത്. മുഖമുള്‍പ്പെടെ ശരീരം മുഴുവന്‍ മറയ്ക്കണം, ബന്ധുക്കളല്ലാത്ത പുരുഷന്മാരെ നോക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

പൊതുഗതാഗതം, സംഗീതം,ആ ഘോഷങ്ങള്‍ തുടങ്ങിയ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളെ പരാമര്‍ശിക്കുന്നതാണ് ഈ നിയമം. മുന്‍പും ഈ വിലക്ക് നിലനിന്നിരുന്നെങ്കിലും, ഇപ്പോഴാണ് ഇതൊരു നിയമമാക്കി മാറ്റുന്നത്. ഇതോടെ അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം പൂര്‍ണമായും താലിബാന്‍ തടവിലാക്കിയിരിക്കുകയാണ്.

'താലിബാൻ്റേത് വിചിത്രമായ ന്യായീകരണം '

ദുരാചാരം തടയുന്നതിനും ധര്‍മ്മം പ്രോത്സാഹിപ്പിക്കാനും ഈ ചട്ടങ്ങള്‍ സഹായിക്കുമെന്നാണ് താലിബാന്റെ വിചിത്ര വാദം. ഈ നിയമങ്ങളില്‍ നിന്ന് വ്യതിചലനം ഉണ്ടായാല്‍ അത് അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള ശിക്ഷകളിലേക്ക് നയിക്കും.

'ദിവസം ചെല്ലുന്തോറും അവര്‍ സ്ത്രീകളെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്' - കാബൂളിലെ 37 കാരിയായ വീട്ടമ്മ പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധം അവസാനിച്ചിട്ടും ഭയാനകമായ മാനുഷിക പ്രതിസന്ധിയുടെ നടുവിലാണ് അഫ്ഗാന്‍ ജനത. അമേരിക്ക പിന്‍മാറിയതോടെ 2021ല്‍ അഫ്ഗാനിലെ അധികാരം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീ സ്വാതന്ത്ര്യം ഹനിക്കുന്ന നിരവധി നിയമങ്ങളാണ് നടപ്പാക്കിയത്. അഫ്ഗാനിലെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് പുതിയ കര്‍ശന നിയമങ്ങളെന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടി.

ഇരുട്ടു നിറയുന്ന ഭാവി

സ്ത്രീകളുടെ അവകാശങ്ങളെ ഏറ്റവും ക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്താണ് ഐക്യരാഷ്ട്ര സഭ തന്നെ വ്യക്തമാക്കുന്നു. പുതിയ നിയമങ്ങള്‍ അഫ്ഗാനിസ്ഥാന്റെ ഭാവിയെക്കുറിച്ച് നിരാശ നിറഞ്ഞ കാഴ്ചപ്പാടാണ് നല്‍കുന്നതെന്ന് രാജ്യത്തെ യുഎന്‍ ദൗത്യത്തിന്റെ അധ്യക്ഷ റോസ ഒട്ടുന്‍ബയേവ പറഞ്ഞു.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ അസഹനീയമായതായും വീടിന് പുറത്ത് കേള്‍ക്കുന്ന സ്ത്രീ ശബ്ദം പോലും ധാര്‍മ്മിക ലംഘനമായാണ് അവര്‍ കണക്കാക്കുന്നതെന്നും റോസ ഒട്ടുന്‍ബയേവ വിമര്‍ശിച്ചു.
കിരാത നിയമങ്ങളെ അപലപിച്ച് ഓസ്‌ട്രേലിയയും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ശബ്ദം നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് താലിബാന്റെ ഈ നിയമങ്ങളെന്ന് ഓസ്ട്രേലിയയുടെ വിദേശകാര്യ മന്ത്രി പെന്നി വോങ് കുറ്റപ്പെടുത്തി. താലിബാന്റെ ഈ നടപടിയെ ഓസ്ട്രേലിയ അപലപിക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളോടും പെണ്‍കുട്ടികളോടും ഒപ്പമാണ്. അവരുടെ മനുഷ്യാവകാശങ്ങളെ പിന്തുണച്ച് ഞങ്ങള്‍ ചേര്‍ന്നു നില്‍ക്കും - പെന്നി വോങ് പറഞ്ഞു.

12 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. യുനെസ്‌കോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ താലിബാന്‍ പത്ത് ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.