ടെലഗ്രാം സിഇഒ പവേല്‍ ദുരോവിന് കർശന ഉപാധികളോടെ ജാമ്യം; ഫ്രാൻസ് വിട്ടുപോകുന്നതിൽ നിന്ന് വിലക്ക്

ടെലഗ്രാം സിഇഒ പവേല്‍ ദുരോവിന് കർശന ഉപാധികളോടെ ജാമ്യം; ഫ്രാൻസ് വിട്ടുപോകുന്നതിൽ നിന്ന് വിലക്ക്

പാരിസ്: ടെലഗ്രാമിലെ നിയമ ലംഘനം ആരോപിച്ച് അറസ്റ്റിലായ സിഇഒ പവേല്‍ ദുരോവിന് കർശനഉപാധികളോടെ ജാമ്യം. റഷ്യൻ വംശജനായ പാവലിനെ നാല് ദിവസം മുൻപാണ് ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം അനുവദിച്ചെങ്കിലും രാജ്യം വിട്ടുപോകരുതെന്നാണ് കർശന നിർദേശം. ആപ്പിലെ നിയമവിരുദ്ധ ഉള്ളടക്കം തടയുന്നതിൽ പവേല്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. വഞ്ചന, സൈബർ ഇടങ്ങളിലെ ഭീഷണി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക, ലഹരിക്കടത്ത് എന്നതടക്കമുള്ള കുറ്റങ്ങളാണ് പവേല്‍ ദുരോവിനെതിരെ ചുമത്തിയിരിക്കുന്നത്.

അഞ്ച് മില്യൺ യൂറോ കെട്ടിവച്ചതിന് ശേഷമാണ് പവേലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആഴ്‌ചയിൽ രണ്ട് തവണ വീതം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും, ഫ്രാൻസിൽ തുടരണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പവേല്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടെ ടെലഗ്രാമിൽ പ്രചരിക്കുന്നുണ്ടെന്നും അധികാരികൾ ആവശ്യപ്പെട്ട നിർണായക രേഖകൾ കൈമാറിയില്ലെന്ന കുറ്റവും പവേലിനെതിരെ ചുമത്തിയിട്ടുണ്ട്.

എന്നാൽ ഇത്തരം കുറ്റങ്ങൾ പാവലിനെതിരെ ചുമത്തുന്നത് അസംബന്ധമാണെന്ന് അദേഹത്തിന്റെ അഭിഭാഷകൻ ഡേവിഡ് ഒലിവിയർ കാമിൻസ്‌കി സമർപ്പിച്ച അപ്പീലിൽ പറയുന്നു. ഡിജിറ്റൽ സേവന നിയമങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും ടെലഗ്രാം പാലിക്കുന്നുണ്ട്. കമ്പനി മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നും അദേഹം ചൂണ്ടിക്കാണിച്ചു.

പവേല്‍ ദുരോവിന്റെ മുൻ പങ്കാളിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. കുട്ടിയുമൊത്ത് പാരിസിൽ ആയിരുന്ന സമയത്ത് പവേൽ കുട്ടിയെ ഉപദ്രവിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. സ്വിറ്റ്‌സർലൻഡിൽ വച്ചും ഇവർ സമാനമായ പരാതി നൽകിയിട്ടുണ്ട്. ഈ കേസിലും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.

അതേ സമയം ടെലഗ്രാം മെസഞ്ചർ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ചൂതാട്ടവും പണം തട്ടിപ്പുമടക്കമുള്ള കേസുകളിൽ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ആപ്പിനെതിരെ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.