ക്രൈസ്തവര്‍ക്കിടയില്‍ യുഡിഎഫ്‌ വിരുദ്ധ വികാരം ശക്തിപ്പെടുന്നു

ക്രൈസ്തവര്‍ക്കിടയില്‍ യുഡിഎഫ്‌ വിരുദ്ധ വികാരം ശക്തിപ്പെടുന്നു

കേരളത്തിലെ ക്രൈസ്തവര്‍ പൊതുവെയും സുറിയാനി ക്രിസ്‌ത്യാനികള്‍ വിശേഷിച്ചും പരമ്പരാഗതമായി വലതുപക്ഷ ചിന്താഗതിക്കാരും കോണ്‍ഗ്രസ്‌ അനുഭാവികളുമാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവിതാംകൂറിലെ പ്രാരംഭനേതാക്കളെല്ലാം തന്നെ ക്രൈസ്തവരായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി സഭയ്ക്കുണ്ടായിരുന്ന സൈദ്ധാന്തിക അകലം വിമോചന സമരത്തിലൂടെ വര്‍ദ്ധമാനമായി. ഇടതുപക്ഷ നയങ്ങളെയും നേതാക്കളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കാനാണ്‌ ക്രൈസ്തവ നേതൃത്വം താല്പര്യപ്പെട്ടത്‌.  ക്രൈസ്തവരും കമ്മ്യൂണിസ്റ്റുകാരും ഒരു മേഖലയിലും ഒരുമിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കുന്നതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്‌. ക്രിസ്ത്യന്‍ സമുദായത്തിന്റെ തികച്ചും ന്യായമായ ആവശ്യങ്ങളോടുപോലും യു.ഡി.എഫ്‌ സര്‍ക്കാരുകള്‍ തുടര്‍ച്ചയായി നിസ്സംഗത പുലര്‍ത്തിയപ്പോഴും മറുവഴികള്‍ പരിമിതമെന്നുകണ്ട ക്രൈസ്‌തവര്‍ യു.ഡി.എഫ്‌ പക്ഷത്തുതന്നെ നിലയുറപ്പിക്കാന്‍ നിര്‍ബന്ധിതരായി എന്നതാണു സത്യം. 

കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യുഡിഎഫ്‌ വോട്ടുബാങ്കായി നാളിതുവരെ വര്‍ത്തിച്ചിട്ടും ക്രൈസ്തവരെ  അധിക്ഷേപിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും യുഡിഎഫ്‌ നേതൃത്വത്തില്‍നിന്ന്‌ ആവര്‍ത്തിച്ചുണ്ടാകുന്നത്‌ ക്രൈസ്തവരുടെ രാഷ്ട്രീയത്തിന്‌ പുതിയ മാനം നല്‍കുകയാണ്‌.

ഹാഗിയാ സോഫിയാ വിവാദമാണ്‌ ക്രൈസ്തവരെ വ്യത്യസ്തമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. കേരളത്തിലെ മുസ്ലീം നേതൃത്വത്തിന്റെ മതേതര മുഖമായി വര്‍ത്തിച്ചിരുന്നത്‌ പാണക്കാട്‌ തങ്ങളുടെ കുടുംബവും അവരുടെ നന്മയുമായിരുന്നു.  കേരളത്തിലെ ക്രൈസ്തവ സമൂഹവും മുസ്ലീം സമൂഹവും യുഡിഎഫിന്റെ ഇരുകൈകളായി ഒരുമയോടെ വര്‍ത്തിച്ചതില്‍ ക്രൈസ്തവ സമൂഹത്തിന്റെ സഹിഷ്ണുത മാത്രമല്ല തങ്ങള്‍ കുടുംബത്തിന്റെ മതേതര മാന്യതയും കാരണമായിട്ടുണ്ട്‌. എന്നാല്‍ ഹാഗിയ സോഫിയ വിവാദത്തില്‍ മുസ്ലീം തീവ്രവാദികളെക്കാളും വിഷലിപ്തമായ ഒരു പ്രസ്താവന പാണക്കാട്ടെ ഇളമുറത്തമ്പുരാന്മാരില്‍നിന്നുണ്ടായപ്പോള്‍ അതിനെതിരെ ഒരുവാക്കുപോലും മിണ്ടാതിരിക്കാന്‍ കോണ്‍ഗ്രസ്‌ നേതൃത്വം നിര്‍ബന്ധബുദ്ധിയോടെ ശ്രദ്ധവച്ചത്‌ ക്രൈസ്തവരെ അസ്വസ്ഥരാക്കുന്നുണ്ട്‌. ഹാഗിയാ സോഫിയായ്ക്കു സമാനമായ ബാബ്റി മസ്ജിദ്‌ വിഷയത്തില്‍ രാമക്ഷ്രേത നിര്‍മ്മാണത്തെ അനുകൂലിച്ച്‌ പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന വന്നയുടന്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാണക്കാട്ടേയ്ക്കു പാഞ്ഞെത്തുകയായിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന മുസ്ലീം സമുദായത്തെ വേദനിപ്പിച്ചെങ്കില്‍ അതിന്റെ നൂറിരട്ടി വേദന ക്രൈസ്തവര്‍ക്ക്‌ നല്‍കുന്നതായിരുന്നു പാണക്കാട്ടുനിന്നുള്ള ക്രൈസ്തവവിരുദ്ധ പ്രസ്താവന. എന്നിട്ടും കോണ്‍ഗ്രസ്‌ നേതൃത്വം പുലര്‍ത്തിയ മൌനം ക്രൈസ്തവരെ വസ്തുനിഷ്ഠമായ രാഷ്ര്രീയ തീരുമാനത്തിന്‌ പ്രേരിപ്പിക്കുന്നുണ്ട്‌.

യുഡിഎഫ്‌ ഭരണകാലത്ത്‌ സര്‍ക്കാര്‍ വരുമാനത്തിന്റെ എണ്‍പതു ശതമാനവും ചെലവഴിക്കുന്ന സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്‌ മുസ്ലീംലീഗ്‌ ആയിരുന്നു. ഏതാനും വകുപ്പുകള്‍ ഒഴികെ മറ്റു മന്ത്രിമാരെല്ലാം കേവലം അലങ്കാരങ്ങള്‍ മാത്രമായിരുന്നു. ലീഗ്‌ മന്ത്രിമാരാകട്ടെ തങ്ങളുടെ വകുപ്പുകളിലൂടെ മുസ്ലീം സമുദായത്തിന്റെ വളര്‍ച്ചയ്ക്കായി മാത്രം പ്രയോജനപ്പെടുന്ന ഭരണമാണ്‌  നിര്‍വ്വഹിച്ചത്‌. മുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്‌ ലീഗു മന്ത്രിമാരെ തിരുത്താനോ നിയന്ത്രിക്കാനോ  ത്രാണിയില്ലാത്തവരായി. സമാനമായ അവസ്ഥ തുടരുന്ന രാഷ്ര്രീയ സാഹചര്യം ഉണ്ടാക്കരുതെന്ന ചിന്ത ക്രൈസ്തവ നേതാക്കള്‍ക്കിടയില്‍ ശക്തിപ്പെട്ടു വരുന്നുണ്ട്‌. വിവിധ തലങ്ങളില്‍ ഇതിനായുള്ള കൂടിയാലോചനകള്‍ നടന്നുകഴിഞ്ഞു. കാല്‍ചുവട്ടിലെ മണ്ണിളകുന്നത്‌ കോണ്‍ഗ്രസ്‌ നേതൃത്വം കാണാതെപോകരുത്‌. കോണ്‍ഗ്രസിന്റെ ത്രീവർണ്ണ പതാകയുടെ സിംഹഭാഗവും പച്ചയായി മാറുന്നതില്‍ മതേതരവിശ്വാസികള്‍ക്ക്‌ അമര്‍ഷമുണ്ട്‌.

ക്രൈസ്തവ സമുദായ നേതൃത്വത്തെ യുഡിഎഫില്‍നിന്ന്‌ അകറ്റുന്ന മറ്റൊരു വിവാദവിഷയം കേരളാകോണ്‍ഗ്രസിനോടുള്ള സമീപനമാണ്‌. കേരളാകോണ്‍ഗ്രസിലെ പടലപിണക്കങ്ങളില്‍ രമ്യമായ അനുരജ്ഞനത്തിലെത്തിക്കാന്‍ ക്രൈസ്തവ സഭാനേതൃത്വം മുന്‍കൈ എടുത്ത്‌ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പേരില്‍ യുഡിഎഫ്‌ മുന്നണിയുടെ സ്ഥാപക പിതാക്കന്മാരിലൊരാളായ മാണിസാറിന്റെ പാര്‍ട്ടിയെ ഏകപക്ഷീയമായി പുറത്താക്കിയ രാഷ്ട്രീയ  വിഡിത്തത്തെ സഭാനേതൃത്വം ഗൗരവമായിട്ടാണ്‌ കാണുന്നത്‌. സഭാനേതൃത്വത്തോട്‌ ഒരുവാക്കുപോലും ആലോചിക്കാതെ തീരുമാനം നടപ്പിലാക്കാന്‍ പാണക്കാട്ടുപോയി ചര്‍ച്ച നടത്തുന്ന കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ നിലപാട്‌ ഏറെ പ്രകോപനപരമായിരുന്നു. പ്രത്യക്ഷ രാഷ്ട്രീയത്തില്‍ കക്ഷിചേരാന്‍ താല്‍പര്യപ്പെടാത്ത സഭാനേതൃത്വം കോണ്‍ഗ്രസ്‌ നേതൃത്വം കാട്ടുന്ന ധിക്കാരപരമായ അവഗണനയില്‍ അസ്വസ്ഥരാണ്‌. യുഡിഎഫിലെ ക്രൈസ്തവ സാന്നിധ്യം നിഷ്പ്രഭമാക്കാന്‍ മുസ്ലീം ലീഗ്‌ ഒരുക്കിയ രാഷ്ര്രീയ കെണിയായിരുന്നു കേരളാകോണ്‍ഗ്രസിന്റെ പുറത്താക്കല്‍ എന്ന തിരിച്ചറിവും ക്രൈസ്തവനേതൃത്വത്തിനുണ്ട്‌. തീവ്രവാദ മുസ്ലീംസംഘടനകളുടെ മുഴുവന്‍ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ട്‌ യുഡിഎഫില്‍ പിടിമുറുക്കാനുള്ള ലീഗുത്രന്തം മനസ്സിലാക്കാനോ പ്രതിരോധിക്കാനോ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ കഴിയുന്നില്ല. ഇതും ക്രൈസ്തവരെ ചൊടിപ്പിച്ചിട്ടുണ്ട്‌.

യുഡിഎഫിന്റെ ഉറച്ച വോട്ടുബാങ്കായ ക്രിസ്ത്യന്‍ സമുദായത്തെ അവഗണിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ മുസ്ലിം പ്രീണനം യുഡിഎഫിന്റെ ശിഥിലീകരണത്തിനു കാരണമാകുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വിവാദ വിഷയങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ക്രിസ്ത്യന്‍ വിരോധം പ്രകടമാക്കിയിട്ടുള്ള രമേശ്‌ ചെന്നിത്തലയുടെ നേതൃത്വവും ക്രൈസ്തവരെ മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌. അവസരം മുതലെടുക്കാനുള്ള ചര്‍ച്ചകള്‍ക്ക്‌ എല്‍ഡിഎഫ്‌ നേതൃത്വം മുന്നിട്ടിറങ്ങിയിട്ടുണ്ട്‌. ജോസ്‌ കെ. മാണിയിലൂടെ ക്രൈസ്തവ സമുദായവുമായുള്ള അകലം കുറയ്ക്കാനാണ്‌ ആദ്യശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.