മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാൻ

മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ ഷംഷാബാദ് രൂപതയുടെ പുതിയ മെത്രാൻ

കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായി മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ നിയമിതനായി.

തൃശൂര്‍ അതിരൂപതയിലെ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകയിലെ മനക്കൊടി കിഴക്കുംപുറത്ത് പാണേങ്ങാടന്‍ ദേവസിയുടെയും കൊച്ചു ത്രേസ്യയുടെയും രണ്ടാമത്തെ മകനായി 1976 മെയ് 13 ന് ഫാ. ആന്റണി പ്രിന്‍സ് ജനിച്ചു.

ധര്‍മ്മാരം വിദ്യാക്ഷേത്രം (1998-2001), കല്‍ക്കട്ട സര്‍വകലാശാല (2001-2003), ഇന്ത്യയിലെ ഉജ്ജയിനിലെ റൂഹാലയ മേജര്‍ സെമിനാരി (2003-2007) എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കും ബിരുദത്തിനും ശേഷം അദിലാബാദ് രൂപതയ്ക്ക് വേണ്ടി അദേഹം പൗരോഹിത്യം സ്വീകരിച്ചു. 2007 ഏപ്രില്‍ 25നാണ് ബിഷപ്പ് മാര്‍ ജോസഫ് കുന്നത്തില്‍ നിന്ന് അദേഹം വൈദികപട്ടം സ്വീകരിച്ചത്.

പിന്നീട് റോമിലെ ഉര്‍ബാനിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനത്തില്‍ ഡോക്ടറേറ്റ് നേടി. തിരികെയെത്തിയ അദേഹം അദിലാബാദ് രൂപത പ്രോട്ടോ സിഞ്ചലൂസായും കത്തീഡ്രല്‍ വികാരിയായും സേവനം ചെയ്തു.

2015 ഓഗസ്റ്റ് ആറിന് അദിലാബാദിലെ സീറോ മലബാര്‍ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. ആന്റണി പ്രിന്‍സിനെ നിയമിച്ചു. 2015 ഒക്ടോബര്‍ 29 ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈവെയ്പ്പിലൂടെ ബിഷപ്പായി ചുമതലയേറ്റു.

വിശ്വാസികള്‍ക്കൊപ്പം അവരുടെ ആവശ്യങ്ങളില്‍ ഇറങ്ങിച്ചെന്ന് വിനയത്തിന്റെ മാതൃകയാകാന്‍ അദേഹം എപ്പോഴും ശ്രമിച്ചിരുന്നു. അഗ്‌നി ബാധയില്‍ വീട് നഷ്ടപ്പെട്ട തന്റെ വിശ്വാസികളില്‍ ഒരാള്‍ക്ക് വീട് പണിയാന്‍ ഇറങ്ങുമ്പോഴും ഒരു ഗ്രോട്ടോ പണിയാന്‍ കല്ലും മണ്ണും ചുമക്കേണ്ടി വന്നപ്പോഴും സ്ഥാനമാനങ്ങള്‍ ഒരിക്കലും തടസമായില്ല അദേഹത്തിന്.

കൂടാതെ മണിപ്പൂര്‍ കലാപം നടന്നപ്പോഴും പ്രതികരണവുമായി അദേഹം രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സ്ത്രീകള്‍ക്കുനേരെ നടന്ന ക്രൂരതകളില്‍ നിശബ്ദത പുലര്‍ത്തിയ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ തുറന്ന കത്തിലൂടെ അദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.