ബെര്‍ലിന്‍: ക്രിമിനല്‍ കുറ്റങ്ങള്‍ ആരോപിച്ച് 28 അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ നാടുകടത്തി ജര്‍മനി. കഴിഞ്ഞയാഴ്ച പടിഞ്ഞാറന്‍ ജര്‍മനിയിലെ സോളിംഗന്‍ നഗരത്തില്‍ സിറിയന്‍ അഭയാര്‍ഥി നടത്തിയ കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഇന്നലെ 28 പുരുഷന്മാരെ ലൈപ്‌സിഗ് നഗരത്തില്‍നിന്നു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു.
ജര്‍മനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര മന്ത്രി നാന്‍ ഫീസര്‍ അറിയിച്ചു. താലിബാന്‍ അധികൃതരുമായി ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന രണ്ടു മാസത്തെ ചര്‍ച്ചക്കൊടുവിലാണ് നാടുകടത്തലില്‍ തീരുമാനമായതെന്ന് ജര്‍മന്‍ മാസിക ദെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച്ച സാക്‌സണി, തുറിഞ്ചിയ മേഖലകളില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കുടിയേറ്റവിരുദ്ധ വലതുപക്ഷ പാര്‍ട്ടികള്‍ മേല്‍ക്കൈ നേടുമെന്ന പ്രവചനങ്ങളും അതിവേഗ നടപടികള്‍ക്കു ജര്‍മന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതായി സൂചനയുണ്ട്.
സോളിംഗന്‍ നഗരത്തിലെ ആക്രമണത്തില്‍ കീഴടങ്ങിയ ഇരുപത്തഞ്ചുകാരനായ സിറിയന്‍ അഭയാര്‍ഥി കഴിഞ്ഞവര്‍ഷം തിരിച്ചയയ്ക്കപ്പെടാനിരിക്കേ മുങ്ങിയ ആളാണ്. പാലസ്തീന്‍ മുസ്ലിംകള്‍ക്കുവേണ്ടി ക്രൈസ്തവരോടു പ്രതികാരം തീര്‍ക്കുകയായിരുന്നുവെന്നാണ്, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന പറഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിന് ആക്രമണത്തില്‍ പങ്കുള്ള കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, ജര്‍മന്‍ ജനത സംഭവത്തില്‍ രോഷാകുലരാണ്. ജര്‍മനിയില്‍ താമസിക്കാന്‍ യോഗ്യതയില്ലാത്തവരെ നാടുകടത്തുമെന്ന് സോളിംഗന്‍ നഗരം സന്ദര്‍ശിച്ച ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പ്രഖ്യാപിച്ചിരുന്നു.
താലിബാന്‍ ഭീകരര്‍ 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചശേഷം ആദ്യമായാണ് ജര്‍മനി അഫ്ഗാനികളെ തിരിച്ചയയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.