തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ നിവിന്‍ പോളി. തനിക്കെതിരെ ഉയര്‍ന്ന ആരോപണം തികച്ചും അസത്യമാണെന്ന് നിവിന്‍ പോളി ആവര്‍ത്തിച്ച് വ്യക്തമാക്കി. സത്യം തെളിയിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്നും അദേഹം പറഞ്ഞു.
വ്യാജ ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കും. കേസില്‍ നിയമപരമായി നീങ്ങുമെന്നും നിവിന്‍ പോളി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു. കേസില്‍ തനിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തി നിവിന്‍ പോളി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.
പരാതി നല്‍കിയ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്. തന്റെ ഭാഗത്ത് 100 ശതമാനം ന്യായമുണ്ടെന്നും നിവിന്‍ പോളി വ്യക്തമാക്കി. കേസിലെ ആറ് പ്രതികളില്‍ ഒരാളെ മാത്രം അറിയാം. താന്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കുമ്പോഴും മാധ്യമങ്ങള്‍ ഒപ്പം നില്‍ക്കണമെന്നും നിവിന്‍ പോളി അഭ്യര്‍ഥിച്ചു.
കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളി അടക്കമുള്ള ആറ് പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) യുവതിയുടെ മൊഴി എടുത്തിരുന്നു.
ഇതിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. കോതമംഗലം ഊന്നുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മതാവ് എ.കെ സുനിലും മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നിവരാണ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസം എറണാകുളം റൂറല്‍ എസ്പിക്കാണ് യുവതി പരാതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.