ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി

ജമ്മു കാശ്മീരിന്റെ  സംസ്ഥാന പദവി പുനസ്ഥാപിക്കും: ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന്റെ പങ്കാളിത്തത്തോടെ ഇവിടെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

ജമ്മു കാശ്മീരില്‍ ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന റംബാന്‍ ജില്ലയിലെ സംഗല്‍ദാനില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിജെപി അതിന് തയ്യാറായില്ല.

ബി.ജെപി ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇവിടേക്ക് സംസ്ഥാന പദവി തിരിച്ചുകൊണ്ടു വരുന്നത് ഞങ്ങള്‍ ഉറപ്പാക്കും. അതിനായി ഇന്ത്യാ സഖ്യത്തിന്റെ ബാനറിന് കീഴില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യയുടെ ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന് അതിന്റെ സംസ്ഥാന പദവി നഷ്ടമാകുന്നത്. നേരത്തെ കേന്ദ്രഭരണ പ്രദേശങ്ങള്‍ സംസ്ഥാനങ്ങളായി രൂപാന്തരപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. സംസ്ഥാന പദവി മാത്രമല്ല, തട്ടിയെടുക്കപ്പെട്ട ജനങ്ങളുടെ അവകാശങ്ങളും സമ്പത്തും തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അദേഹം പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഒഴിവുകളും നികത്തുമെന്നും ഉദ്യോഗാര്‍ഥികളുടെ പ്രായം 40 വയസ് വരെ നീട്ടുമെന്നും ദിവസ വേതനക്കാരെ ക്രമപ്പെടുത്തുമെന്നും കോണ്‍ഗ്രസ് ദേശീയ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിദ്വേഷവും അക്രമവും ഭയവും പ്രചരിപ്പിക്കുകയാണെന്നും രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

'അവര്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നു. സ്‌നേഹം പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. അവര്‍ വിഭജിക്കുന്നു, ഞങ്ങള്‍ ഒന്നിപ്പിക്കുന്നു. വിദ്വേഷത്തിന് പകരം സ്നേഹം വരുമെന്ന് നിങ്ങള്‍ക്കറിയാം. വെറുപ്പിനെ വെറുപ്പുകൊണ്ട് പരാജയപ്പെടുത്താനാവില്ല. സ്നേഹത്തിനേ വെറുപ്പിനെ തോല്‍പ്പിക്കാന്‍ കഴിയൂ'- രാഹുല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.