കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്. വനിതാ ജഡ്ജി അടങ്ങുന്ന വിശാല ബെഞ്ചായിരിക്കും റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാമെന്ന് കോടതി അറിയിച്ചത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തു വിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇക്കൂട്ടത്തിലുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന കാര്യം വ്യക്തമാക്കിയത്.
കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രമുഖ നടന്മാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു. ഇതില്‍ പ്രതി സ്ഥാനത്തുള്ള പലരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം. ബെഞ്ചില്‍ ഏതൊക്കെ ജഡ്ജിമാരാവും ഉണ്ടാവുക എന്നത് ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കും തീരുമാനിക്കുക.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു പൂര്‍ണ രൂപം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
മുദ്രവച്ച കവറിലായിരിക്കും ഇത് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ പത്തിന് റിപ്പോര്‍ട്ട് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. കമ്മിറ്റി റിപ്പോര്‍ട്ട് കോടതി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്നുള്ള നടപടികള്‍ പ്രത്യേക ബെഞ്ചായിരിക്കും തീരുമാനിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.