സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ. സുധാകരന്‍; ഓരോ അടിക്കും കണക്ക് പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ. സുധാകരന്‍;  ഓരോ അടിക്കും കണക്ക് പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു. പട്ടാളം വന്ന് വെടിവെച്ചാലും സമരത്തില്‍ നിന്നും പിന്നോട്ടു പോകില്ല.

കയ്യാങ്കളി വഴിയും ആയുധം ഉപയോഗിച്ചും ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അങ്ങനെ ഒതുക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ വെച്ച് കണ്ടു മുട്ടും. ഒരു സംശയവും വേണ്ട. നാളെ മുതല്‍ നോക്കിക്കോ എന്നിട്ട് ബാക്കി പറയാമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

പൊലീസിന്റെ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മുദ്രാവാക്യം വിളിച്ചതിന് ഇവരെ അടിച്ച് തല കീറി കൊല്ലാന്‍ ഇവിടെ നിയമമുണ്ടോ? ഏത് പൊലീസുകാര്‍ക്കാണ് അധികാരം? അക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാനാണ് തീരുമാനം.

സമരത്തെ ഒരു കാരണവശാലും അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു അബിന്‍ വര്‍ക്കിയല്ല, നൂറു അബിന്‍ വര്‍ക്കിമാര്‍ സമര രംഗത്ത് വരും. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസിന് അധികാരമുണ്ട്. അല്ലാതെ തലയ്ക്കടിച്ച് ചോരയൊലിപ്പിച്ച് കൊല്ലാനൊന്നും അധികാരമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.

മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പൊലീസുകാര്‍ ഓരോ അടിക്കും കണക്ക് പറയേണ്ടി വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ആയുസ് അറ്റു പോകാറായ ഒരു സര്‍ക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ് നിങ്ങള്‍ ഇത് കാണിക്കുന്നതെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ അവര്‍ ഇല്ലാതെ വരുന്ന കാലം അധികം ദൂരെയല്ല. ഈ നരനായാട്ടിന് മുന്നില്‍ നിന്ന പൊലീസുകാരുടെ കണക്ക് ഞങ്ങളുടെ കൈവശമുണ്ട്. അവരെ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും.

പൊലീസ് എത്രത്തോളം അധപതിച്ചു എന്നതോര്‍ത്ത് ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തന്റെ തല ലജ്ജ കൊണ്ട് കുനിയുന്നുവെന്നും നരനായാട്ടിന് നേതൃത്വം നല്‍കിയ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നും അദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിനും പൊലീസിനുമെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.