ന്യൂഡല്‍ഹി: കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയറിന്റെ പേരും കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുള്ള ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ കൊളോണിയല്‍ ചിഹ്നങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പേര് മാറ്റിയതെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദര്‍ശനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കൊളോണിയല്‍ ചിഹ്നങ്ങളില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് പോര്‍ട്ട് ബ്ലെയറിന്റെ പേര് ശ്രീ വിജയ പുരം എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഇന്ന് നാം തീരുമാനിച്ചു'' -എക്സില്‍ എഴുതിയ കുറിപ്പില്‍ അമിത്ഷാ പറഞ്ഞു.
ശ്രീ വിജയ പുരം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പങ്കിനെയും പ്രതീകവല്‍കരിക്കുന്നതായി അമിത്ഷാ അവകാശപ്പെട്ടു. ചോള സാമ്രാജ്യത്തിന്റെ നാവിക താവളമായി പ്രവര്‍ത്തിച്ചിരുന്ന ദ്വീപ് പ്രദേശം ഇപ്പോള്‍ ഇന്ത്യയുടെ തന്ത്രപരവും വികസനപരവുമായ നിര്‍ണായക അടിത്തറയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണപതാക പ്രകാശനം ചെയ്ത സ്ഥലമാണിത്. രാഷ്ട്ര സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളും സവര്‍ക്കറും കിടന്ന സെല്ലുലാര്‍ ജയിലും ഇവിടെയാണെന്നും അമിത്ഷാ കുറിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.