തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക 20 നും അന്തിമപട്ടിക ഒക്ടോബര്‍ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണവാര്‍ഡുകളിലെ വോട്ടര്‍പട്ടിക പുതുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
2024 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കാണ് പേര് ചേര്‍ക്കാനാവുക. sec.kerala.gov.in ല്‍ അപേക്ഷ നല്‍കണം. പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കാം. പേര് ഒഴിവാക്കാന്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍. കരട് പട്ടിക അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും sec.kerala.gov.in ലും പ്രസിദ്ധീകരിക്കും. 12 ജില്ലകളിലായി ഒരു ജില്ലാപഞ്ചായത്ത് വാര്‍ഡ്, നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലാണ് ആകസ്മിക ഒഴിവുകളുള്ളത്.
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലെയും കോര്‍പറേഷനുകളിലെയും വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡുകളും, കോര്‍പറേഷനുകളില്‍ ഏഴ് വാര്‍ഡുകളും കൂടി. പുതുക്കിയ കണക്കനുസരിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ 101, കൊല്ലത്ത് 56, കൊച്ചിയില്‍ 76, തൃശൂരില്‍ 56, കോഴിക്കോട് 76, കണ്ണൂര്‍ 56 വാര്‍ഡുകളുണ്ടാകും. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകളുടെ എണ്ണം 3241 ആയി വര്‍ധിക്കും.
2011ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ വാര്‍ഡുകളുടെ എണ്ണം പുതുക്കിയത്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് ഇരുപത്തിയാറും കൂടിയത് 53 വാര്‍ഡുകളുമുണ്ടാകും. കോര്‍പറേഷനുകളില്‍ അവ യഥാക്രമം 56, 101 ആണ്. സ്ത്രീകള്‍ക്കും, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണ വാര്‍ഡുകളുടെ എണ്ണവും സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.