മലപ്പുറം തിരുവാലിയില്‍ ഇന്നും ആരോഗ്യ സര്‍വേ; സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതര്‍

മലപ്പുറം തിരുവാലിയില്‍ ഇന്നും ആരോഗ്യ സര്‍വേ; സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതര്‍

മലപ്പുറം: രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്നും ആരോഗ്യ വകുപ്പ് സര്‍വേ തുടരും. ഇന്നലെ നടത്തിയ സര്‍വേയില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിരുന്നു. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെന്റ് സോണായ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

മരിച്ച വിദ്യാര്‍ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങള്‍ കൂടി വരുന്നതോടെ സമ്പര്‍ക്ക പട്ടിക ഉയര്‍ന്നേക്കും. നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് ഇന്നലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചത്. പുതുക്കിയ പട്ടികയിലാണ് 175 പേര്‍. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. 49 പേര്‍ സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയിലും ഉണ്ട്.

പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്ക പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വിദ്യാര്‍ഥിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കില്‍ 26 പേരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.