ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജി വെച്ചു. രാജ്ഭവനിലെത്തി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയ്ക്ക് രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേനയും മുന്‍ മന്ത്രി മനീഷ് സിസോദിയയും കെജരിവാളിനൊപ്പമുണ്ടായിരുന്നു.
ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്ന കാര്യം കെജരിവാള്‍ പ്രഖ്യാപിച്ചത്. ആരാകും അടുത്ത മുഖ്യമന്ത്രി എന്ന അഭ്യൂഹത്തിന് അവസാനമായത് ഇന്നാണ്. അതിഷി മര്‍ലേനയെ പാര്‍ട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ അതിഷി മുഖ്യമന്ത്രിയായി തുടരും.
ചട്ടപ്രകാരം ഫെബ്രുവരിയിലാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിക്ക് ഒരു മുഖ്യമന്ത്രിയേ ഉള്ളൂവെന്നും അത് കെജരിവാളാണെന്നും തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഡല്‍ഹിയുടെ കാര്യങ്ങള്‍ താന്‍ നോക്കുമെന്നാണ് അതിഷി ഇന്ന് വ്യക്തമാക്കിയത്.
നേരത്തെ കെജരിവാളിനെ തന്റെ ഗുരുവെന്നാണ് അതിഷി വിശേഷിപ്പിച്ചത്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് അദേഹത്തിന് നന്ദി പറയുകയും ചെയ്തു നിയുക്ത മുഖ്യമന്ത്രി. ആംആദ്മി പാര്‍ട്ടിയില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുക.
കൈജരിവാളിന്റെ നേതൃത്വത്തില്‍ ഞാന്‍ എംഎല്‍എയായി, മന്ത്രിയായി, ഇപ്പോഴിതാ മുഖ്യമന്ത്രിയുമായി. അതില്‍ സന്തോഷവതിയാണ്. എന്നാല്‍ എന്റെ മൂത്ത സഹോദരന്‍ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജിവെക്കുന്നതില്‍ വിഷമമുണ്ടെന്നും അതിഷി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.