പ്രതിമാസ ബില്ലിങ് പരിഗണനയില്‍; ഉപയോക്താവിന് സ്വന്തമായി റീഡിങ് നടത്താം: മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

പ്രതിമാസ ബില്ലിങ് പരിഗണനയില്‍; ഉപയോക്താവിന് സ്വന്തമായി റീഡിങ് നടത്താം: മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി ഉപയോക്താക്കള്‍ക്ക് ബില്ലിങ് ലളിതമാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ കെഎസ്ഇബി പരിഗണിക്കുന്നു. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന രീതിയാണ് ബോര്‍ഡ് സജീവമായി പരിഗണിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് സ്വന്തമായി റീഡിങ് നടത്തി ബില്ല് അടക്കാനും സൗകര്യം ഉണ്ടാകും. സ്‌പോട്ട് ബില്ലിനൊപ്പം ക്യൂ ആര്‍ കോഡ് ഏര്‍പ്പെടുത്തി ഉടന്‍ പണമടയ്ക്കുന്ന സംസിധാനവും താമസിയാതെ നിലവില്‍ വരും.

രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം പ്രതിമാസ ബില്‍ ഏര്‍പ്പെടുത്തണമെന്നത് ഉപയോക്താക്കള്‍ ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് അടയ്ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് വലിയ തുക കൊടുക്കേണ്ടി വരുന്നു.

പ്രതിമാസം ബില്ലടച്ചാല്‍ ഉയര്‍ന്ന ബില്ലും ഉയര്‍ന്ന താരിഫും ഒഴിവാക്കാം. ഇപ്പോള്‍ 200 യൂണിറ്റിന് മുകളില്‍ ഉപഭോഗം കടന്നാല്‍ തുടര്‍ന്നുള്ള ഓരോ യൂണിറ്റിനും ഉയര്‍ന്ന താരിഫായ 8.20 രൂപ കൊടുക്കണം. പ്രതിമാസം ബില്ലിങ് വന്നാല്‍ തുക താരതമ്യേനെ കുറയും.

പ്രതിമാസ ബില്ലിങ് സമ്പ്രദായം വന്നാല്‍ കെഎസ്ഇബിക്ക് ചിലവ് കൂടും. നിലവില്‍ ഒരു മീറ്റര്‍ റീഡിങിന് ശരാശരി ഒമ്പത് രൂപയാണ് കെഎസ്ഇബി ചെലവാക്കുന്നത്. പ്രതിമാസ ബില്ലാകുമ്പോള്‍ ഇതിന്റെ ഇരട്ടി ചെലവ് വരും. സ്പോട്ട് ബില്ലിങിനായി അധികം ജീവനക്കാരെയും നിയമിക്കേണ്ടി വരും.

അതിനാലാണ് ഉപയോക്താക്കളെ കൊണ്ട് തന്നെ മീറ്റര്‍ റീഡിങ് നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതാത് സെക്ഷന്‍ ഓഫീസുകളില്‍ വിവരം കൈമാറി ബില്‍ അടയ്ക്കാം. ഇതിനായി കസ്റ്റമര്‍ കെയര്‍ നമ്പറോ വാട്സ് ആപ്പ് ഗ്രൂപ്പോ ഏര്‍പ്പെടുത്താനാണ് ആലോചന.

നിലവില്‍ വൈദ്യുതി ചാര്ജ് ഇനത്തില്‍ 3,400 കോടി രൂപയാണ് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ കുടിശിക വരുത്തിയിട്ടുള്ളത്. പ്രതിമാസ ബില്‍ ആകുമ്പോള്‍ അതാത് മാസം തന്നെ ബില്‍ അടക്കാന്‍ പല സ്ഥാപനങ്ങളും മുന്നോട്ട് വരുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.