സിഡ്നി: അന്‍പത്തിനാലാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് 2028-ല്‍ സിഡ്‌നിയില്‍ നടക്കുമെന്ന വത്തിക്കാന്‍ പ്രഖ്യാപനത്തെ വലിയ ആഹ്ളാദത്തോടെയാണ് ഓസ്ട്രേലിയയിലെ കത്തോലിക്ക വിശ്വാസികള്‍ ഏറ്റെടുത്തത്. ലോകമെമ്പാടു നിന്നും ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒത്തുചേരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് രാജ്യത്തിന് ആത്മീയ നവീകരണവും യുവതലമുറയ്ക്ക് വിശ്വാസപരമായ ഉണര്‍വും നല്‍കുമെന്നാണ് സഭാ നേതൃത്വം പ്രതീക്ഷിക്കുന്നത്.
ദിവ്യകാരുണ്യത്തിലെ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തിന്റെ ആഘോഷമായി അറിയപ്പെടുന്ന കോണ്‍ഗ്രസിന്റെ 54-ാം പതിപ്പാണ് ന്യൂ സൗത്ത് വെയില്‍സ് തലസ്ഥാനവും ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ സിഡ്‌നിയില്‍ നടക്കുന്നത്.
അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സമര്‍പിതരും അല്‍മായരും പങ്കെടുക്കും. 2008ലെ ലോക യുവജനദിനത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ഏറ്റവും വലിയ സഭാ കൂട്ടായ്മയായിരിക്കും 2028-ല്‍ നടക്കുക.
പ്രതീക്ഷകള്‍ പങ്കുവെച്ച് സിഡ്‌നി ആര്‍ച്ച് ബിഷപ്പ്
വിശ്വാസപരമായി അകന്നു നില്‍ക്കുന്ന ഓസ്‌ല്രേിയക്കാരെ വിശുദ്ധ കുര്‍ബാനയിലേക്ക് തിരികെ കൊണ്ടുവരാനും ദിവ്യകാരുണ്യത്തിലൂടെ ലഭിക്കുന്ന ആഴമേറിയ ദൈവ സ്‌നേഹം അനുഭവിപ്പിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ കാണുന്നത്. 'ദ പില്ലര്‍' എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചത്. 2028 ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് എങ്ങനെ കത്തോലിക്കരെ വിശ്വാസപരമായി സ്വാധീനിക്കുമെന്ന ചിന്തകളും അദ്ദേഹം പങ്കുവെച്ചു.
'സഭാ വിശ്വാസത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യമായ ഇക്വഡോറിലാണ് അന്‍പത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടന്നത്. എന്നാല്‍ വളരെ വ്യത്യസ്തമായ സംസ്‌കാരമാണ് ഓസ്ട്രേലിയയിലുള്ളത്. ഇവിടെ 10 കത്തോലിക്കരില്‍ ഒരാള്‍ മാത്രമാണ് വിശുദ്ധ കുര്‍ബാനയ്ക്ക് വരുന്നത്. അവിടെയാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ പ്രസക്തി.
വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ കണ്ടുമുട്ടാന്‍ വിശ്വാസികളെ സഹായിക്കാനും അത് മഹത്തായ നിധിയാണെന്ന് തിരിച്ചറിയാനും അവരുടെ ജീവിതത്തിന് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് മനസിലാക്കികൊടുക്കാനും ഞങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. ഇതിനായി വര്‍ഷങ്ങള്‍ നീളുന്ന തയാറെടുപ്പ് വേണ്ടിവരും.
20 വര്‍ഷം മുമ്പ് ലോക യുവജന ദിനം മെല്‍ബണില്‍ നടന്നതു പോലെ, മനോഹരമായ ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. യുവജന പ്രസ്ഥാനങ്ങള്‍, ആദിവാസി സമൂഹങ്ങള്‍, ഇടവക ഗ്രൂപ്പുകള്‍ എല്ലാവരും ചേര്‍ന്ന് ഇതിനെ ആത്മീയ ഉത്സവമാക്കി മാറ്റുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു.
വര്‍ഷങ്ങള്‍ നീളുന്ന അജപാലന പദ്ധതി
കുറഞ്ഞത് 10 വര്‍ഷത്തെ നീണ്ട പദ്ധതിയായാണ് താന്‍ ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസിനെ കാണുന്നത്. വിശുദ്ധ കുര്‍ബാനയെ സംബന്ധിച്ചുള്ള സുവിശേഷവത്കരണവും മതബോധനവുമാണ് മൂന്ന് വര്‍ഷത്തെ ഒരുക്കങ്ങളില്‍ ഉള്‍പ്പെടുന്നത്. അതിന്റെ ഫലം കൊയ്യാന്‍ ഒരു നീണ്ട കാലയളവ് വേണ്ടിവരും.
ഈ ഒരുക്കങ്ങള്‍ക്ക് അതിന്റേതായ ശക്തിയുണ്ട്, ഒരു സംശയവുമില്ല. ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ് എന്തിനാണെന്നു പോലും അറിയാതെയായിരിക്കും ആളുകള്‍ എത്തുന്നത്. അവിടെ അവര്‍ക്ക് അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കുന്നു. അത് ദൈവത്തിന്റെ കൃപയാണ്. നന്നായി തയ്യാറെടുക്കുകയും ഫോളോ അപ്പ് ചെയ്യുകയും ചെയ്താല്‍ നമുക്ക് ആ കൃപയുമായി മുന്നോട്ടു പോകാനാകും. ഇത് കുറഞ്ഞത് 10 അല്ലെങ്കില്‍ 15 വര്‍ഷത്തെ അജപാലന പദ്ധതിയായിട്ടാണ് താന്‍ കാണുന്നത്.
അമേരിക്കയിലും ഓസ്‌ട്രേലിയയിലും വളരുന്ന വിശ്വാസം
അമേരിക്കയിലെ ഇന്ത്യാനപോളിസില്‍ അടുത്തിടെ നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് അവിടുത്തെ ജനതയ്ക്ക് ആത്മീയമായി വലിയ ഉണര്‍വ് സമ്മാനിച്ചിരുന്നു. നഗരവീഥികളിലുടെ നടന്ന ദിവ്യകാരുണ്യ തീര്‍ത്ഥാടനങ്ങള്‍ ശക്തമായ സുവിശേഷപ്രഘോഷണമായി അനുഭവപ്പെട്ടു.
ഇക്വഡോറിലും ഇതേ അനുഭവമുണ്ടായി. ഇത് ഓസ്ട്രേലിയയിലും സംഭവിക്കുമോ എന്ന് ചോദ്യത്തിന് കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയാണ് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടിയത്.
സിഡ്നിയില്‍ എല്ലാ വര്‍ഷം കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണം നടക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത് വളരുകയാണ്. കഴിഞ്ഞ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയില്‍ 15,000 വിശ്വാസികള്‍ പങ്കെടുത്തു. അടുത്ത വര്‍ഷമാകുമ്പോഴേക്കും അത് 20,000-ആകും. അതില്‍ പങ്കെടുക്കുന്ന ചിലര്‍ സ്ഥിരമായി പള്ളിയില്‍ പോകുന്നവരല്ല. ഇതിലൂടെ അവരുടെ വിശ്വാസം പരസ്യമായി പുറത്തുവരുന്നതില്‍ സന്തോഷമുണ്ട്.
കത്തോലിക്കര്‍ തങ്ങുടെ വിശ്വാസം കുറച്ചുകൂടി പരസ്യമായി പ്രകടിപ്പിക്കണമെന്ന് താന്‍ കരുതുന്നു - ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തവരെ ആര്‍ച്ച് ബിഷപ്പ് ഓസ്ട്രേലിയയിലേക്കു സ്വാഗതം ചെയ്തു. അവര്‍ക്ക് വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അനുഭവം ഇവിടെ പരസ്യമായി പങ്കുവയ്ക്കാം. ഇത് ഓസ്ട്രേലിയയിലെ വിശ്വാസികളെ ഏറെ സ്വാധീനിക്കും.
ഒരാളെങ്കിലും മടങ്ങുകയാണെങ്കില്‍ വിശുദ്ധ കുര്‍ബാനയിലേക്കും അതിലൂടെ കര്‍ത്താവിലേക്കും മടങ്ങിയെത്തിയാല്‍ അത് അത്ഭുതകരമായ കാര്യമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.