സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം: അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല; ആനുകൂല്യങ്ങള്‍ മുടങ്ങും

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം: അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറില്ല; ആനുകൂല്യങ്ങള്‍ മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ഇതോടെ സര്‍ക്കാര്‍ ട്രഷറിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. അഞ്ച് ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ മാറി നല്‍കില്ല. നേരത്തേ 25 ലക്ഷമായിരുന്നു പരിധി.

ഡിസംബര്‍ വരെ ഇനി കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടി രൂപയാണ്. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. തദേശ സ്ഥാപനങ്ങളെയും കരാറുകാരെയും നിയന്ത്രണം ബാധിക്കും. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും കാലതാമസം ഉണ്ടാവും. ബില്ലുകള്‍ മാറുന്നതിന് അഞ്ച് ലക്ഷം എന്ന പരിധി തദേശ സ്ഥാപനങ്ങള്‍ക്ക് ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തില്‍ നിയന്ത്രണം വന്നാല്‍ പദ്ധതികള്‍ പലതും ഒഴിവാക്കേണ്ടി വരും. സര്‍ക്കാരിന് പണം നല്‍കാനാവാത്ത സാഹചര്യത്തില്‍ കരാറുകാരുടെ ബില്ലുകള്‍ ബാങ്ക് വഴി മാറാവുന്ന ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നിന്ന് 90 ശതമാനം തുകവരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ച് ലക്ഷം രൂപവരെ കിട്ടൂ.

തദേശ സ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇത് ബാധകമാണ്. പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കണം. ഇതിന് പലിശ കരാറുകാര്‍ തന്നെ നല്‍കുകയും വേണം. ബില്ലുകള്‍ മാറുന്നതിന് നേരത്തേ അഞ്ച് ലക്ഷമായിരുന്നു പരിധി. ഈ വര്‍ഷം ജൂണിലാണ് അത് 25 ലക്ഷമാക്കി ഉയര്‍ത്തിയത്. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.