മെഡ്ജുഗോറിയിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് അംഗീകാരം നൽകി വത്തിക്കാൻ

മെഡ്ജുഗോറിയിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് അംഗീകാരം നൽകി വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി: മെഡ്ജുഗോറിയിലെ മാതാവിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ഭക്തിക്ക് അം​ഗീകാരം നല്‍കി വത്തിക്കാന്റെ വിശ്വാസകാര്യാലം (ഡിക്കാസ്ട്രി ഫോര്‍ ദി ഡോക്ട്രിന്‍ ഓഫ് ഫെയ്ത്ത്). മെഡ്ജുഗോറിയയുമായി ബന്ധപ്പെട്ട ഭക്തി നിരവധി ക്രിയാത്മകമായ ഫലങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ദൈവജനത്തെ വിപരീതമായ രീതിയില്‍ ബാധിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ച ‘ സമാധാനത്തിന്റെ രാജ്ഞി’ എന്ന രേഖയില്‍ വ്യക്തമാക്കുന്നു.

നാല് ദശാബ്ദങ്ങളിലധികം നീണ്ട വിശദമായ പഠനങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ സമയമായെന്ന് മെഡ്ജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുമായി ബന്ധപ്പെട്ട രേഖയില്‍ വത്തിക്കാന്റെ വിശ്വാസകാര്യാലയം വ്യക്തമാക്കി. മരിയന്‍ പ്രത്യക്ഷീകരണത്തിന്റെ ഭക്തിയിലൂടെ നിരവധി മാനസാന്തരങ്ങളും, കൂദാശ ജീവിതത്തിലേക്കുള്ള മടങ്ങി വരവുകളും അനവധി ദൈവവിളികളും, തകര്‍ന്ന കുടുംബങ്ങളുടെ പുനരുദ്ധാരണവും അടക്കം നിരവധി ആത്മീയ ഫലങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് വിശ്വാസ കാര്യാലയത്തിന്റെ പ്രീഫെക്ടായ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

കൂടാതെ അത്ഭുത രോഗ സൗഖ്യങ്ങളും ഉപവി പ്രവര്‍ത്തനങ്ങളും ഈ ഭക്തിയുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. കത്തോലിക്കര്‍ക്ക് പുറമെ ഓര്‍ത്തഡോക്‌സ് മത വിശ്വാസികളും ഇസ്ലാം മതസ്ഥരും മാതാവിന്റെ സന്നിധിയിലെത്തി അനുഗ്രഹം പ്രാപിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. മാതാവ് പ്രത്യക്ഷപ്പെട്ടതായി പറയുന്നവരുമായി കണ്ടുമുട്ടുന്നതിനുവേണ്ടിയാകരുത് മറിച്ച് സമാധാന രാജ്ഞിയായ മറിയവുമായുള്ള കണ്ടുമുട്ടലിന് വേണ്ടിയാകണം ഇവിടേക്ക് തീര്‍ത്ഥാടനം നടത്തേണ്ടതെന്നും വിശ്വാസ കാര്യാലയത്തിന്റെ രേഖയില്‍ വ്യക്തമാക്കി.

1981 ജൂണ്‍ 24 മുതലാണ് ബോസ്‌നിയ ആന്‍ഡ് ഹെര്‍സെജോവിനയിലുള്ള മെഡ്ജുഗോറിയിലെ സമാധാന രാജ്ഞി ദേവാലയത്തില്‍ ആറ് കുട്ടികള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അതില്‍ മൂന്ന് പേര്‍ക്ക് ഇപ്പോഴും മാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ ലഭിക്കുന്നതായി പറയപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.