'കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി': വയനാട് കണക്കില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

'കേരളം ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു, സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തി':  വയനാട് കണക്കില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തനിവാരണ കണക്കുകളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളം കണക്കുകള്‍ പെരുപ്പിച്ച് ധനസഹായം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന് വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഇതുമൂലം കേരളത്തിലെ ജനങ്ങള്‍ ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുരിതാശ്വാസത്തിന് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയ കണക്കും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകര്‍ക്കുകയാണ് ഇപ്പോഴത്തെ വ്യാജ വാര്‍ത്തയ്ക്ക് പിന്നിലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം സമര്‍പ്പിച്ച മെമ്മോറാണ്ടം ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്. ഏതുവിധേനേയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന് കാരണക്കാരായവര്‍ ദ്രോഹിച്ചത് ദുരന്തം ബാധിച്ചവരെയാണ്.

മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അംഗീകരിച്ച രീതികളുണ്ട്. പല സാധ്യതകള്‍ വിലയിരുത്തിയാണ് ഓരോ കണക്കും തയ്യാറാക്കുന്നത്. അത്തരത്തില്‍ തയ്യാറാക്കിയ വിവരങ്ങളെയാണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കിട്ടേണ്ട സഹായങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തിനുള്ളത്. മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരമാവധി സഹായം ലഭിക്കാനായി നല്‍കിയ മെമ്മോറാണ്ടത്തെയാണ് ഇത്തരത്തില്‍ ആക്രമിച്ചത്. അതുപോലും കിട്ടരുത് എന്ന ദുഷ്ട ലക്ഷ്യത്തോടെ നടത്തിയ പ്രവര്‍ത്തനമാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.