പ്രമുഖ ബൈബിള്‍ പണ്ഡിതന്‍ ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു

പ്രമുഖ ബൈബിള്‍ പണ്ഡിതന്‍ ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ ബൈബിള്‍ പണ്ഡിതനും തലശേരി അതിരൂപതാംഗവുമായ ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച.

മലയാള ഭാഷയില്‍ ബൈബിള്‍ വൈജ്ഞാനിക രംഗത്ത് ഏറെ സര്‍ഗാത്മകമായ സംഭാവന നല്‍കിയ വൈദികനായിരുന്നു ഡോ. മൈക്കിള്‍ കാരിമറ്റം. റോമിലെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടിയ അദേഹം പി.ഒ.സി മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റര്‍മാരില്‍ ഒരാളായിരുന്നു.

കെ.സി.ബി.സി മാധ്യമ കമ്മീഷന്‍ ദാര്‍ശനിക അവാര്‍ഡ്, ജോണ്‍ കുന്നപ്പള്ളി അവാര്‍ഡ്, കുണ്ടുകുളം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലും നിരവധി ഗ്രന്ഥങ്ങളും പഴയ നിയമത്തിലെയും പുതിയ നിയമത്തിലെയും കഥാപാത്രങ്ങളെക്കുറിച്ചുള്ള ചിത്ര കഥകളും രചിച്ചിട്ടുണ്ട്.

പരാജിതരുടെ സുവിശേഷം, വീട് വിഴുങ്ങുന്നവരും ചില്ലിക്കാശും, വിശ്വാസത്തിന്റെ വേരുകള്‍, ആത്മാക്കളുടെ ലോകം, കാണാപ്പുറം, കുരിശിന്റെ സുവിശേഷം, ഗുരുമൊഴികള്‍, വെളിപാട് പുസ്തകം ഒരു വ്യാഖ്യാനം തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവാണ് ഡോ. മൈക്കിള്‍ കാരിമറ്റം.

മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദേഹം എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു:

പ്രിയ പിതാക്കന്മാരേ, സുഹൃത്തുക്കളേ,

ഞാന്‍ കുറച്ചു ദിവസമായി കരുവഞ്ചാലിലുള്ള സെന്റ് ജോസഫ് ആശുപത്രിയിലാണ്. കുറച്ചു മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കിലും ആരോഗ്യാവസ്ഥയില്‍ വലിയ പുരോഗതി കാണുന്നില്ല. കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കാനും പറയാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഞാന്‍ സ്വര്‍ഗീയ പിതാവിന്റെ അടുക്കലേക്ക് യാത്രക്കുള്ള ഒരുക്കത്തിലാണെന്നു തോന്നിയപ്പോള്‍ അതു നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി.

''ഞാന്‍ നല്ല ഓട്ടം ഓടി'', ദൈവം എന്നെ ഏല്പിച്ച ദൗത്യം എന്നാല്‍ കഴിയുന്നവിധം ചെയ്തു തീര്‍ത്തു എന്നാണ് എന്റെ വിശ്വാസം. അതിനുവേണ്ടി എന്നെ ഒരുക്കാനും നയിക്കാനും ദൈവത്തിന്റെ കൃപയുടെ കരങ്ങള്‍ ജീവിതത്തിലുടനീളം എന്നോടൊപ്പം ഉണ്ടായിരുന്നു. നിങ്ങള്‍ ഓരോരുത്തരും എനിക്ക് ചെയ്തിട്ടുള്ള സഹായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

ഈ നിമിഷങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വിശുദ്ധ പൗലോസ് സ്ലീഹാ പറഞ്ഞത് പോലെ ''എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്'' (ഫിലി. 1, 21) എനിക്ക് ആരോടും പിണക്കമില്ല, എല്ലാവരോടും സ്‌നേഹവും നന്ദിയും മാത്രമേയുള്ളു. ഇനി എന്തു പറയണം എന്നറിയില്ല. സ്വര്‍ഗവാതില്‍ തുറന്നു കിട്ടാനും പണ്ടൊരിക്കല്‍ ആത്മാവില്‍ അനുഭവിച്ച 'യു ആര്‍ വെല്‍കം ഹോം' എന്ന സ്വര്‍ഗീയ സ്വരം ശ്രവിക്കുവാനും ഞാന്‍ കാത്തിരിക്കുന്നു.

എന്റെ സന്തോഷകരവും സമാധാന പൂര്‍ണ്ണവുമായ യാത്രക്ക് നിങ്ങള്‍ പ്രാര്‍ഥിക്കുമല്ലോ.

സസ്‌നേഹം, ഫാ. മൈക്കിള്‍ കാരിമറ്റം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.