ക്വാഡ് ഉച്ചകോടി ഇന്ന് അമേരിക്കയില്‍; ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന്‍ രാഷട്രത്തലവന്മാര്‍ കൂടിക്കാഴ്ച നടത്തും

ക്വാഡ് ഉച്ചകോടി ഇന്ന് അമേരിക്കയില്‍; ഇന്ത്യ, ഓസ്ട്രേലിയ, അമേരിക്ക, ജപ്പാന്‍ രാഷട്രത്തലവന്മാര്‍ കൂടിക്കാഴ്ച നടത്തും

വാഷിങ്ടണ്‍: നാലാമത് ക്വാഡ് ഉച്ചകോടി ഇന്ന് അമേരിക്കയിലെ ഡെലവെയറില്‍ നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഓരോ നേതാക്കളുമായും ബൈഡന്‍ വ്യക്തിപരമായും കൂടിക്കാഴ്ച നടത്തും.

ജോ ബൈഡനാണ് നാലാമത് ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അമേരിക്കയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് ന്യൂഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെ കാണുന്ന കാര്യം യാത്ര തിരിക്കും മുമ്പുള്ള മോഡിയുടെ പ്രസ്താവനയിലില്ല.

ട്രംപിന് എതിരായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

'ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ നാല് ജനാധിപത്യ രാജ്യങ്ങള്‍ ഇന്തോ-പസഫിക്കിലെ സമാധാനത്തിനും സ്ഥിരതയ്ക്കും പ്രതിജ്ഞാബദ്ധമാണെന്നും പൊതുവായ ലക്ഷ്യങ്ങളാണ് തങ്ങളെ ഒന്നിപ്പിക്കുതെന്നും ഫിലാഡല്‍ഫിയയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ആല്‍ബനീസി പറഞ്ഞു.

ചൈന സൃഷ്ടിക്കുന്ന വെല്ലുവിളികളെകുറിച്ചുള്ള ചര്‍ച്ച ഉച്ചകോടിയിലെ പ്രധാന അജണ്ടയാണെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് ഉയരുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ അത് തീര്‍ത്തും നിരുത്തരവാദപരമായ സമീപനം ആയിരിക്കുമെന്നും ജോണ്‍ കിര്‍ബി പറയുന്നു

തായ്വാന്‍ കടലിടുക്കിന്റെ പേരിലുള്ള പ്രശ്നം, ഇന്തോ-പസഫിക് മേഖല, മറ്റ് രാജ്യങ്ങള്‍ക്ക് മേലുള്ള ചൈനയുടെ സൈനിക നടപടികള്‍, വ്യാപാരം തുടങ്ങി നിരവധി ഗൗരവമേറിയ പല വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും. വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഈ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ജപ്പാന്റെ ഫ്യുമിയോ കിഷിദയും ഇക്കുറി സ്ഥാനം ഒഴിയുന്നതിനാല്‍ ക്വാഡ് സഖ്യത്തിലെ നിലവിലുള്ള എല്ലാ നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന അവസാന സമ്മേളനം ആണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.