ന്യൂയോർക്ക്: എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല മറിച്ച് അമേരിക്കയും ഇന്ത്യയുമാണെന്നും അമേരിക്കയും ഇന്ത്യയും പുതിയ ലോകത്തിന്റെ ശക്തികളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. തന്റെ സർക്കാരിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളും എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രിയുടെ പ്രസംഗം.
ഇന്ത്യ അവസരങ്ങളുടെ മണ്ണാണ്. അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയല്ല, മറിച്ച് അവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. വികസിത ഇന്ത്യ ജനങ്ങളുടെ പ്രസ്ഥാനമാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനാണ് രാജ്യം പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുകയാണ്. 140 നഗരങ്ങളിൽ നിലവിൽ വിമാനത്താവളങ്ങളുണ്ട്. മൊബൈൽ മാനുഫാക്ചറിങ് രംഗത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്തിന്റെ ഹരിതോർജ പദ്ധതി, ഇന്ത്യ നവീകരണത്തിന്റെ പാതയിലാണെന്നതിന് ഉദാഹരണമാണെന്ന് മോഡി പറഞ്ഞു.
അതേ സമയം സെമി കണ്ടക്ടറുകൾ മുതൽ ഇലക്‌ട്രോണിക്‌സ്, ബയോടെക്‌നോളജി വരെയുള്ള വ്യവസായ പ്രമുഖരുമായി മോഡി കൂടിക്കാഴ്ച നടത്തി. മേഖലയിൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അഡോബ് ചെയർമാനും സിഇഒയുമായ ശന്തനു നാരായൺ, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, സിഇഒ ഐബിഎം അരവിന്ദ് കൃഷ്ണ, ലിസ സു-ചെയർ ആൻഡ് സിഇഒ എഎംഡി, നൗബർ അഫെയാൻ-ചെയർമാൻ മോഡേണ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
“ന്യൂയോർക്കിൽ ടെക് സിഇഒമാരുമായി ഫലപ്രദമായ വട്ടമേശ സമ്മേളനം നടത്തി, സാങ്കേതിക വിദ്യ, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വശങ്ങൾ ചർച്ച ചെയ്തു. ഈ രംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങളും എടുത്തുകാട്ടി. ഇന്ത്യയോട് അപാരമായ ശുഭാപ്തിവിശ്വാസം കാണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.