ഹിസ്ബുള്ളയെ വീണ്ടും ഞെട്ടിച്ച് ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 182 മരണം, 727 ലേറെ പേര്‍ക്ക് പരിക്ക്

 ഹിസ്ബുള്ളയെ വീണ്ടും ഞെട്ടിച്ച് ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; 182 മരണം, 727 ലേറെ പേര്‍ക്ക് പരിക്ക്

ബെയ്റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 182 പേര്‍ കൊല്ലപ്പെട്ടു. 727 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയാണ് കിഴക്കന്‍, തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ആക്രമണമുണ്ടായത്. ലെബനന്‍ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.

മൂന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്സില്‍ കുറിച്ചു. ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി.

ഹിസ്ബുള്ളയ്ക്ക് നേരെയാണ് ആക്രമണമെന്നും അവര്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമീപത്തു നിന്ന് ജനങ്ങള്‍ വീടുകളും മറ്റ് കെട്ടിടങ്ങളും ഉടന്‍ ഒഴിയണമെന്നും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ലെബനനിലെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആളുകളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേലില്‍ നിന്ന് 80,000 ത്തിലധികം കോളുകള്‍ ലഭിച്ചതായി ലെബനന്‍ ടെലികോം ഓപ്പറേറ്റര്‍ ഒഗെറോയുടെ തലവന്‍ ഇമാദ് ക്രീഡി പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബിബിസിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ ഇസ്രയേല്‍ സൈന്യത്തിന്റെ വക്താക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച മുന്നറിയിപ്പുകള്‍ക്ക് സമാനമാണ് ഈ സന്ദേശമെന്നും ബിബിസി അറിയിച്ചു. ഇത്തരത്തിലൊരു സന്ദേശം തന്റെ ഓഫീസിനും ലഭിച്ചതായി ലെബനന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി സ്ഥിരീകരിച്ചു.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തി വെക്കാന്‍ തെക്കന്‍ ലെബനനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ ഒരുക്കി നിര്‍ത്തണം.

ആക്രമണം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ലെബനന്‍ പ്രധാനമന്ത്രി യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിനോടും ഇസ്രയേലിനുമേല്‍ സ്വാധീനമുള്ള മറ്റ് രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ തെക്കന്‍ ലെബനനിലും ബെയ്‌റൂട്ടിലും സ്‌കൂളുകള്‍ക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു.

ബെയ്റൂട്ടിന്റെ വിവിധ ഭാഗങ്ങളിലും തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ താഴ് വരയിലുമുള്ള സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

തെക്കന്‍ ലെബനനിലെ നബാത്തിയ ജില്ലയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ അര മണിക്കൂറിനുള്ളില്‍ എണ്‍പതിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയതായി വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.

അല്‍-തയ്റി, ഹനീന്‍, സാവ്ത്തര്‍, ബിന്‍ത് ജബെയില്‍, ഷാര, ഹര്‍ബത്ത, നബാത്തിഹ്, ഹെര്‍മല്‍ മേഖലകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍, ഷംസ്റ്റാര്‍, താരിയ തുടങ്ങിയ പട്ടണങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോംബാക്രമണമുണ്ടായത്. എന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ളയുടെ പ്രതികരണം.

ലെബനനില്‍ 37 പേര്‍ കൊല്ലപ്പെട്ട പേജര്‍, വാക്കി-ടോക്കി സഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുള്ളയും പരസ്പര ആക്രമണം ശക്തമാക്കിയിരുന്നു. ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലില്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.