ബംഗളുരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തന്നെ വിചാരണ ചെയ്യാനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരേ മുഖ്യമന്ത്രി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നേരത്തേ അനുമതി നല്‍കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം ശരിവെച്ചാണ് മുഖ്യമന്ത്രിയുടെ ഹര്‍ജി കോടതി തള്ളിയത്.
പരാതി രജിസ്റ്റര്‍ ചെയ്ത് ഗവര്‍ണറോട് അനുമതി തേടുന്നത് ന്യായമാണ്. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പരാതിക്കാര്‍ക്ക് അനുമതി തേടാമെന്നും ഗവര്‍ണര്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.
നേരത്തെ, മലയാളിയായ അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ ടി.ജെ. അബ്രാഹം ഉള്‍പ്പെടെ മൂന്ന് പേര്‍ നല്‍കിയ പരാതികളിലായിരുന്നു സിദ്ധരാമയ്യക്കെതിരെയുള്ള നടപടി. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ സിദ്ധരാമയ്യയുടെ പേരില്‍ കോടതിക്കോ അന്വേഷണ ഏജന്‍സിക്കോ കേസെടുക്കാന്‍ സാധിക്കും.
ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ആരോപണം തള്ളിയ കോണ്‍ഗ്രസ് സിദ്ധരാമയ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പരാതി തള്ളിക്കളയണമെന്ന് മന്ത്രിസഭായോഗം ചേര്‍ന്ന് ഗവര്‍ണറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് അവഗണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് ആരോപണം. 3000 കോടിയുടെ ക്രമക്കേട് ഈ കേസുമായി നടന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പാര്‍വതിക്ക് സഹോദരന്‍ നല്‍കിയ ഭൂമി, മൈസൂരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി വികസനാവശ്യത്തിനായി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി വിജയപുരയില്‍ അവര്‍ക്ക് ഭൂമി നല്‍കി. ഈ ഭൂമിയുടെ വില കൈമാറപ്പെട്ട ഭൂമിയുടേതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരുന്നെന്നും അത് ഖജനാവിന് വലിയ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.