അമേരിക്കൻ നഗരങ്ങളെ പോലും ആക്രമിക്കാൻ കഴിയും; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണവുമായി ചൈന

അമേരിക്കൻ നഗരങ്ങളെ പോലും ആക്രമിക്കാൻ കഴിയും; ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ പരസ്യ പരീക്ഷണവുമായി ചൈന

ബീജിങ്: അമേരിക്കൻ നഗരങ്ങളെ പോലും ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരസ്യ പരീക്ഷണം നടത്തി ചൈന. ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടിയെടുത്തു എന്നാണ് പരീക്ഷണത്തിന് ശേഷം ചൈന പറഞ്ഞത്. ചൈന പരീക്ഷിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പസഫിക് സമുദ്രത്തിലേക്ക് ആണ് വിക്ഷേപിച്ചത്.

ചൈനീസ് പ്രതിരോധ മന്ത്രാലയം ആണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയതായി പ്രഖ്യാപിച്ചത്. ചൈനീസ് റോക്കറ്റ് ഫോഴ്സിന് DF31AG, DF5B, DF41 എന്നിവയുള്‍പ്പെടെയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഇപ്പോള്‍ കൈവശമുള്ളത്. കൂടാതെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നാവികസേനയുടെ ജെഎല്‍-2 അന്തര്‍വാഹിനി വിക്ഷേപിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഉള്ളതായും ചൈനീസ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പരീക്ഷണത്തിൽ ആശങ്കയറിയിച്ച് ജപ്പാനും ന്യൂസിലൻഡും രംഗത്തെത്തി. പരീക്ഷണ വിവരം ചൈന മുൻകൂട്ടി അറിയിച്ചില്ലെന്ന് ജപ്പാൻ ആരോപിച്ചു. ചൈനയുടെ നീക്കം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ന്യൂസിലൻഡ് പ്രതികരിച്ചു. ഇതിന് മുമ്പ് ഷിൻജിയാംഗിലെ ടക്ലാമകാൻ മരുഭൂമിയിലാണ് ചൈന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്.

1980ന് ശേഷം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ ചൈന ഇത്തരം പരീക്ഷണം നടത്തുന്നത് ആദ്യമാണ്. ഇതിനിടെ,​ ചൊവ്വാഴ്ച രാവിലെ ഷാൻഡോംഗ് പ്രവിശ്യയുടെ തീരത്ത് സമുദ്റത്തിന് നടുവിൽ കപ്പലിൽ സ്ഥാപിച്ച വിക്ഷേപണത്തറയിൽ (ഹയാംഗ് സീ ലോഞ്ച് പാഡ്)​ നിന്ന് എട്ട് ഉപഗ്രഹങ്ങൾ വഹിക്കുന്ന റോക്ക​റ്റും ചൈന വിക്ഷേപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.