ലണ്ടന്‍: പ്രശസ്ത നടിയും ഓസ്‌കര്‍ ജേതാവുമായ മാഗി സ്മിത്ത് അന്തരിച്ചു. 89 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു നടി.
മാഗി സ്മിത്തിന്റെ മക്കളായ ക്രിസ് ലാര്‍ക്കിനും ടോബി സ്റ്റീഫന്‍സുമാണ് നടി മരിച്ച വിവരം പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹാരി പോട്ടര്‍ സീരിസിലെ പ്രൊഫസര്‍ മിനര്‍വ മക്‌ഗൊനാഗല്‍ എന്ന റോളിലൂടെയാണ് നടി ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.
2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടര്‍ സീരീസുകളിലും അവര്‍ അഭിനയിച്ചിരുന്നു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷന്‍ പരമ്പരയായ 'ഡൗണ്ടണ്‍ ആബി'യിലെ ഡോവേജര്‍ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ രണ്ട് ഓസ്‌കര്‍ അവാര്‍ഡും നാല് എമ്മി അവാര്‍ഡുകളുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സ്മിത്തിനെ തേടിയെത്തി. ദ് പ്രൈം ഓഫ് മിസ് ജീന്‍ ബ്രോഡി (1969) എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മാഗി സ്മിത്തിനെ തേടി മികച്ച നടിക്കുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരമെത്തുന്നത്. കാലിഫോര്‍ണിയ സ്യൂട്ട് (1978) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഓസ്‌കര്‍ അവാര്‍ഡും സ്മിത്ത് സ്വന്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.