കോട്ടയം: നിയമ വിരുദ്ധമായി പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം നെടുംകുന്നും സ്വദേശി പീലിയാനിക്കല്‍ തോമസിന്റെ പരാതിയിലാണ് കറുകച്ചാല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ നിയമ പ്രകാരമാണ് കേസ്. പൊതു സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോണ്‍ കോളുകള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തില്‍ കടന്നു കയറി ചോര്‍ത്തുകയോ ചോര്‍ത്തിപ്പിക്കുകയോ ചെയ്തുവെന്നും വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
നിയമ വിരുദ്ധമായിട്ടാണ് ഇത്തരമൊരു നീക്കമുണ്ടായതെന്നും എഫ്‌ഐആറിലുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പരസ്പരം പകയും ഭീതിയും ഉണ്ടാക്കുന്നതിനും കലാപം ഉണ്ടാക്കുന്നതിനും വേണ്ടി ഫോണ്‍ ചോര്‍ത്തിയ വിവരങ്ങള്‍ അന്‍വര്‍ ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തു വിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അന്‍വര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ അന്ന് അന്‍വറിനെതിരെ കേസെടുത്തിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫില്‍ നിന്ന് പുറത്തു പോയതിന് പിന്നാലെയാണ് കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.