പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം; മോഡിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് തിരികെയെത്തി മറുപടി

പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം; മോഡിയെ താഴെയിറക്കാതെ  മരിക്കില്ലെന്ന്  തിരികെയെത്തി മറുപടി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം. വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്.

എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. അധികാരത്തില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ താഴെയിറക്കുന്നത് വരെ താന്‍ മരിക്കില്ലെന്ന് ഖാര്‍ഗെ പറഞ്ഞു.

കത്വയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന് ആദാരജ്ഞലി അര്‍പ്പിച്ച് സംസാരിക്കുന്നിനിടയെയാണ് ഖാര്‍ഗെയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായത്. സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദേഹത്തെ ചേര്‍ത്ത് പിടിച്ച് വേദിയിലിരുത്തി. എന്നാല്‍ അല്‍പം വെള്ളം കുടിച്ചതിന് ശേഷം അദേഹം വീണ്ടും പ്രസംഗിക്കാനായി തിരികെയെത്തി.

'സംസ്ഥാന പദവി പുനസ്ഥാപിക്കാനായി ഞങ്ങള്‍ ശക്തമായി പോരാടും. എനിക്ക് 83 വയസായി. ഞാന്‍ അത്ര പെട്ടെന്നൊന്നും മരിക്കില്ല. നരേന്ദ്ര മോഡിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുന്നത് വരെ ഞാന്‍ ജീവനോടെ കാണും'- ഖാര്‍ഗെ പറഞ്ഞു.

ഖാര്‍ഗേയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൂട് കൂടിയതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം ജമ്മു കാശ്മീരില്‍ ശക്തമായ പ്രചരണമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇന്ന് പ്രിയങ്ക ഗാന്ധിയും ജമ്മുവില്‍ എത്തി. ബിജെപിക്കെതിരെ തന്റെ പ്രസംഗത്തിലുട നീളം പ്രിയങ്ക ആഞ്ഞടിച്ചു.

ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശമാണ് സംസ്ഥാന പദവിയെന്നും അത് കവര്‍ന്നെടുക്കുകയാണ് ബിജെപി ചെയ്തതെന്നും പ്രിയങ്ക വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ അവകാശം തന്നെ ഇല്ലാതാക്കിയ ശേഷം അത് തിരികെ നല്‍കണമെങ്കില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യൂവെന്നാണ് ബിജെപി ആവശ്യപ്പെടുന്നുതെന്നും പ്രിയങ്ക വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.