ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു പേര്‍ മുംബൈയില്‍ അറസ്റ്റില്‍

ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു പേര്‍ മുംബൈയില്‍ അറസ്റ്റില്‍

മുംബൈ: ടൂത്ത് പേസ്റ്റിന്റെ കവറിനുള്ളില്‍ മുതലക്കുഞ്ഞുങ്ങളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. കുര്‍ള സ്വദേശികളായ മുഹമ്മദ് റെഹാന്‍ മദ്നി (41), ഹംസ മന്‍സൂരി (30) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. ഹാന്‍ഡ് ബാഗില്‍ ടൂത്ത് പേസ്റ്റ് കവറില്‍ കൈകാലുകള്‍ കെട്ടി, പഴങ്ങളും മറ്റും പൊതിയുന്ന നെറ്റ് കവറിനുള്ളില്‍ വച്ച നിലയിലായിരുന്നു അഞ്ച് മുതല കുഞ്ഞുങ്ങളുണ്ടായിരുന്നത്. പ്രതികളെ പൊലീസിന് കൈമാറി.

ബാങ്കോക്കില്‍ നിന്ന് വിസ്താര വിമാനത്തിലാണ് ഇരുവരുമെത്തിയത്. ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ ചെറിയ അനക്കം കണ്ടാണ് കസ്റ്റംസ് പരിശോധിച്ചത്. അഞ്ച് മുതല്‍ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതലക്കുഞ്ഞുങ്ങാണ് ടൂത്ത് പേസ്റ്റിലുണ്ടായിരുന്നത്. അവശ നിലയിലായിരുന്ന മുതലക്കുഞ്ഞുങ്ങളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കൈമന്‍ ഇനത്തിലുള്ള മുതലക്കുഞ്ഞുങ്ങളെയാണ് കടത്താന്‍ ശ്രമിച്ചത്. വന്യജീവികളെ അനുമതിയില്ലാതെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് കുറ്റകരമാണ്. ഇരുവര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല.

അമേരിക്ക സ്വദേശമായ ഈ മുതലകള്‍ 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജീവിയാണ്. തടാകങ്ങളിലും ചതുപ്പുകളിലും സാധാരണയായി കാണുന്ന ഇനമാണ് കൈമന്‍ വിഭാഗത്തിലുള്ള മുതലകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.