വിശ്വാസികളുടെ സമൂഹം വിശേഷാധികാരങ്ങളുള്ളവരുടെ ഒരു ഗണമല്ല, അത് രക്ഷിക്കപ്പെട്ടവരുടെ കുടുംബമാണ്: ബ്രസൽസിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വിശ്വാസികളുടെ സമൂഹം വിശേഷാധികാരങ്ങളുള്ളവരുടെ ഒരു ഗണമല്ല, അത് രക്ഷിക്കപ്പെട്ടവരുടെ കുടുംബമാണ്: ബ്രസൽസിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

ബ്രസൽസ്: പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടസം നിൽക്കരുതെന്നും ദുഷ്പ്രേരണകൾ നൽകുന്നതിൽ നിന്ന് അകന്നു നിൽക്കണമെന്നും ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ.  ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു പാപ്പാ. ലക്സംബർഗിലേക്കും ബെൽജിയത്തിലേക്കുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നാലുദിവസത്തെ അപ്പസ്തോലിക യാത്രയുടെ അവസാന പൊതു പരിപാടിയായിരുന്നു ഞായറാഴ്ച ബ്രസിൽസിലെ കിംഗ് ബൗദുയിൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാന.

പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈശോയുടെ അന്ന എന്ന കന്യാസ്ത്രീയെ കുർബാനയ്ക്കിടെ മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ നടപ്പിൽ വരുത്തിയ കർമലീത്താ സഭാനവീകരണം ബെൽജിയത്തിലും യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിലും എത്തിച്ച സ്പാനിഷ് കർമ്മലീത്താ സന്യാസിനിയാണ് ഈശോയുടെ അന്ന.

വേദനാജനകമായ അപവാദങ്ങൾക്കു നടുവിലും ദാരിദ്ര്യം, പ്രാർത്ഥന, ദാനധർമ്മം എന്നിവയിലൂടെ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം നൽകിയ വാഴ്ത്തപ്പെട്ട അന്നയെ പരിശുദ്ധ പിതാവ് തന്റെ പ്രസംഗത്തിൽ പ്രശംസിച്ചു. സൗമ്യവും അതേസമയം ശക്തവുമായ സ്ത്രീസഹജമായ വിശുദ്ധിയുടെ അനുകരണീയമായ മാതൃകയാണ് അവർ നമുക്കു നൽകിയതെന്ന് പാപ്പാ കൂട്ടിചേർത്തു.

പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ പ്രവർത്തനം

തുടർന്ന്, ആ ദിവസത്തെ ആരാധനക്രമ വായനകളെ ആധാരമാക്കി മാർപാപ്പ ധ്യാന ചിന്തകൾ പങ്കുവച്ചു. യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരു മനുഷ്യനെ തങ്ങൾ വിലക്കിയെന്ന കാര്യം ശിഷ്യന്മാർ പറഞ്ഞപ്പോൾ അവിടുന്ന് അവരെ ശാസിച്ചു. പരിശുദ്ധാത്മാവിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെക്കുറിച്ച് അവർക്ക് ബോധ്യം നൽകാനാണ് യേശു ഇപ്രകാരം ചെയ്തത്. മാമോദീസ സ്വീകരിച്ച എല്ലാ ക്രിസ്ത്യാനികൾക്കും സഭയിൽ ഒരു ദൗത്യം നിർവഹിക്കാനുണ്ട്.

ഇത് നമ്മുടെ പരിമിതികളെയോ പാപങ്ങളെയോ കണക്കിലെടുക്കാതെയുള്ള ഒരു ദാനമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
വിശ്വാസികളുടെ സമൂഹം വിശേഷാധികാരങ്ങളുള്ള ചുരുക്കം ചിലരുടെ ഒരു ഗണമല്ല, അത് രക്ഷിക്കപ്പെട്ടവരുടെ കുടുംബമാണ് - പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മുടെ യോഗ്യതകളെ അടിസ്ഥാനമാക്കിയല്ല, ദൈവകൃപയാലാണ് സുവിശേഷം പ്രസംഗിക്കാനായി നാം ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നത്.

കരുണയുടെ സുവിശേഷത്തെ നമ്മുടെ വഴികാട്ടിയാക്കുക

ദുഷ്പ്രേരണകൾ നൽകുന്നതിലൂടെ 'വിശ്വസിക്കുന്ന ചെറിയവരിൽ' ഒരുവനുപോലും (മർക്കോസ് 9:42) ഇടർച്ചയുണ്ടാക്കുന്നതിനെതിരെ മാർപാപ്പ മുന്നറിയിപ്പു നൽകി. സ്നേഹത്തിന്റെയും കരുണയുടെയും സുവിശേഷത്തെ അടിസ്ഥാനമാക്കിയായിരിക്കണം നമ്മുടെ എല്ലാ തിരഞ്ഞെടുപ്പുകളും. അവ ഒരിക്കലും ദുഷ്പ്രേരണകൾ നൽകുന്നവയാകരുത് - മാർപാപ്പ ഓർമ്മപ്പെടുത്തി.

'ദരിദ്രനെ കണ്ടിട്ട് മുഖം തിരിക്കാൻ ദുഷ്പ്രേരണ നൽകുന്ന കണ്ണുകളേ, എൻ്റെ മുമ്പിൽനിന്ന് അകന്നുപോകൂ! നിധികൾ കാത്തുസൂക്ഷിക്കാനായി മുറുകെ ചുരുട്ടിയ മുഷ്ടികളേ, എൻ്റെ മുമ്പിൽനിന്ന് അകന്നുപോകൂ! കഷ്ടതയനുഭവിക്കുന്നവരെ ഒഴിവാക്കാനായി വേഗത്തിൽ ഓടാൻ ദുഷ്പ്രേരണ നൽകുന്ന പാദങ്ങളേ, എൻ്റെ മുമ്പിൽനിന്ന് അകന്നുപോകൂ!' - ദുഷ്പ്രേരണകൾ നൽകുന്നതിനെതിരെ സുവിശേഷത്തിലെ യേശുവിൻ്റെ ശക്തമായ സന്ദേശം ആവർത്തിച്ചുകൊണ്ട് താക്കീതുകളെന്നപോലെ പരിശുദ്ധ പിതാവ് പറഞ്ഞു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.