തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പിലാക്കാന്‍ മന്ത്രി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാനേജ്മെന്റുകള്‍ ഉറപ്പാക്കണം.
സര്‍ക്കാര്‍ സര്‍വീസില്‍ ഈ കര്‍ത്തവ്യം പി.എസ്.സിയാണ് നിര്‍വഹിക്കുന്നത്. ആയത് നിയമനാധികാരികള്‍ ഉറപ്പ് വരുത്തുന്നു. അതേസമയം രോഗികളെയും ഒപ്പമുള്ളവരെയും സംബന്ധിച്ച് ഇങ്ങനെ പരിശോധിക്കാന്‍ സാധിക്കുന്നതല്ല. കൊല്ലത്ത് വ്യാജ ഗൈനക്കോളജി സര്‍ട്ടിഫിക്കറ്റുമായി ഒരു ഡോക്ടര്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് 2019 ല്‍ യുവതി മരിച്ചിരുന്നു. ആ സംഭവത്തില്‍ ഫയല്‍ മുമ്പിലെത്തിയപ്പോഴാണ് ഡോക്ടര്‍ രജിസ്ട്രേഷന്‍ ഉള്ള ആളാണോ എന്നറിയുന്നതിന് പൊതുസമൂഹത്തിനും ഒരു സംവിധാനം ആവശ്യമാണെന്ന് ചിന്തിച്ചത്. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാരുടെ പേര് മെഡിക്കല്‍ കൗണ്‍സില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൗണ്‍സില്‍ ആരംഭിച്ചു.
മെഡിക്കല്‍ കൗണ്‍സില്‍ സൈറ്റിലെ പ്രസ്തുത വിവരം ആവശ്യമുള്ളവര്‍ മാത്രം കാണുന്നതിന് ക്യുആര്‍ കോഡും ലഭ്യമാക്കാന്‍ കഴിയും. വ്യാജ ഡോക്ടറുടെ ചികിത്സ മൂലം അച്ഛനെ നഷ്ടപ്പെട്ട ഡോ. അശ്വിനുമായി മന്ത്രി സംസാരിച്ചു. കുറ്റക്കാരെ ശിക്ഷിക്കാന്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡോ. അശ്വിനോട് മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.